pala

തെരഞ്ഞെടുപ്പിലെ സംവരണത്തിനെതിരെ വനിതാ വാർഡിൽ പത്രിക നൽകി പുരുഷ സ്ഥാനാർത്ഥിയുടെ പ്രതിഷേധം

പാലാ: തെരഞ്ഞെടുപ്പുകളിലെ സംവരണം ജനാധിപത്യ വിരുദ്ധമാണെന്നാരോപിച്ചു വനിതാ സംവരണ വാർഡിൽ നാമനിർദ്ദേശ പത്രിക നൽകി പുരുഷ സ്ഥാനാർത്ഥിയുടെ പ്രതിഷേധം.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസാണ് പാലാ മുനിസിപ്പാലിറ്റി ഒൻപതാം വാർഡായ കൊച്ചിപ്പാടി വനിതാ സംവരണ വാർഡിൽ നാമനിർദ്ദേശ പത്രിക നൽകി പ്രതിഷേധിച്ചത്.

പാലാ മുനിസിപ്പാലിറ്റിയിലെ ഉപവരണാധികാരി എ സിയാദ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പത്രിക സ്വീകരിച്ച ഉപവരണാധികാരി ഇതുസംബന്ധിച്ചു രസീതും സൂക്ഷ്മപരിശോധനാ നോട്ടീസും കൈമാറി.

തദ്ദേശസ്വയംഭരണ’ സ്ഥാപനങ്ങളിൽ വനിതകൾക്കു 50 ശതമാനം സംവരണം ഏർപ്പെടുത്തിയ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എബി ജെ ജോസ് പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തവണ വനിതാ സംവരണ വാർഡ് ആയിരുന്ന കൊച്ചിടപ്പാടി വാർഡ് വീണ്ടും വനിതാ സംവരണ വാർഡായി മാറി. വനിതകൾ സമത്വത്തിനായി വാദിക്കുമ്പോൾ സംവരണം ഏർപ്പെടുത്തിയതു വനിതകൾ അബലകളാണെന്നു ഔദ്യോഗികമായി മുദ്രകുത്തുന്നതിന് തുല്യമാണ്.

ജനപ്രതിനിധികൾ ആകുന്നതു സേവനത്തിൻ്റെ ഭാഗമാണ്. സേവനമെന്നത് സ്വമനസാലെ ചെയ്യേണ്ടതാണ്. സ്വമനസാലെ അല്ലാതെ മത്സരിച്ചു ജയിക്കുന്നവരിൽ പലർക്കും പകരം മറ്റുള്ളവരോ രാഷ്ട്രീയ കക്ഷികളോ ആണ് നിയന്ത്രിക്കുന്നതെന്ന് മുൻകാല അനുഭവങ്ങൾ തെളിവാണ്. ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നിബന്ധനകൾ വയ്ക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നു എബി ജെ ജോസ് ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പുകളിലെ എല്ലാവിധ സംവരണങ്ങളും ഇല്ലാതാക്കണം. ജനാധിപത്യത്തെ ശുദ്ധീകരിച്ച് സ്ഫുടം ചെയ്തെടുക്കേണ്ടതിന് പകരം ഇത്തരം നടപടികളിലൂടെ ജനാധിപത്യത്തെ മലീനസമാക്കുകയാണെന്നും എബി ജെ ജോസ് കുറ്റപ്പെടുത്തി.

ഒന്നിലധികം നാമനിർദ്ദേശപത്രിക സ്വീകരിക്കുക, ഏറ്റെടുത്ത കാലാവധി പൂർത്തിയാക്കാതെ രാജി വയ്ക്കുകയും മറ്റൊരു സ്ഥാനത്തേയ്ക്ക് മത്സരിക്കുകയും ചെയ്യുക തുടങ്ങിയവയ്ക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ പരാതികൾ എബിയുടെ നേതൃത്വത്തിൽ മുമ്പ് നൽകിയിട്ടുണ്ട്.

അപരന്മാരെ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോ വയ്ക്കണമെന്നമെന്ന എബി ജെ ജോസിൻ്റെ നിർദ്ദേശം നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അംഗീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *