കോട്ടയം:1972 – ലെ കേന്ദ്ര വനം – വന്യ ജീവി നിയമം ഭേദഗതി ചെയ്യുക, ഒരുകാലത്ത് ഹൈറേഞ്ചിലേയും, മലബാറിലെയും കുടിയേറ്റ കർഷകന് കുടിയിറക്ക് ഭീഷണിയാണ് നേരിട്ടിരുന്നതെങ്കിൽ, ഇന്ന് വന്യമൃഗങ്ങളുടെ ശല്യം മൂലം സ്വയമായി കുടിയിറങ്ങേണ്ടിവരുന്ന ദുരവസ്ഥയാണ്. മലയോര മേഖലയിലെ കർഷകനുണ്ടായിരിക്കുന്നത്.
വന്യമൃഗങ്ങൾ മാത്രമല്ല കുരങ്ങും, മയിലും, ഉരഗ വർഗ്ഗവും എല്ലാം കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി, മനുഷ്യന്റെ വാസവും യാത്രയുമെല്ലാം മുടക്കുക മാത്രമല്ല മാരകമായ പരിക്കും ജീവഹാനി വരെ നേരിടുന്ന ദുരവസ്ഥ സംജാതമായിരിക്കുകയാണ്. ഇന്നിത് കേരളത്തിലെ മനുഷ്യർ ഏതാണ്ട് കേരളമെമ്പാടും നേരിടുന്ന വലിയ വിപത്തായി മാറിയിരിക്കുന്നു.
പണ്ട് കുടിയിറക്കിനെതിരെ പടപൊരുതിയ കേരള കോൺഗ്രസ് ഇന്ന് വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ, ഏറ്റവും ആവശ്യമായ കേന്ദ്ര വന നിയമ ഭേദഗതിയും, അതുപോലെ ഏറ്റവും കൂടുതൽ വനമുള്ള കേരളത്തിലെ വനാതിർത്തികളിൽ കർഷകരുടെ കൃഷിസ്ഥലങ്ങളിലേക്കും നാട്ടിലേക്കും ഇറങ്ങുന്ന വന്യമൃഗങ്ങളെയും പക്ഷികളെയും തടയാൻ ഫെൻസിങ്ങും, കിടങ്ങുകളും നിർമ്മിക്കണമെന്നും ആവശ്യപ്പെടുകയാണ്.

കേന്ദ്ര സർക്കാർ ഭരണം നടത്തിയിരുന്ന കോൺഗ്രസുകാരും, ഇപ്പോൾ ബി.ജെ.പിക്കാരും മനുഷ്യജീവന് പ്രാധാന്യം നൽകാതെ, മൃഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയാണ് . ‘വനം വന്യമൃഗങ്ങൾക്കും, നാട് മനുഷ്യർക്കും’ എന്ന മുദ്രാവാക്യം കേരള കോൺഗ്രസ് (എം) ഉയർത്തുകയാണ്.
‘ജീവനാണ് വലുത് മനുഷ്യജീവൻ ‘ എന്ന് അധികാരികളെ ഓർമ്മപ്പെടുത്തുന്ന സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നത്. മനുഷ്യന് സ്വയരക്ഷയ്ക്ക് വേണ്ടി തങ്ങളെ ആക്രമിക്കുന്ന മനുഷ്യരെ തിരിച്ച് ആക്രമിക്കാനും, ആക്രമിക്കുന്നവരുടെ ജീവൻ നഷ്ടപ്പെട്ടാലും നിയമപരിരക്ഷ കിട്ടുന്ന നാട്ടിൽ, തങ്ങളെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ തിരിച്ച് ആക്രമിക്കുവാനും കൊല്ലുവാനോ പാടില്ല, വലിയ ശിക്ഷയ്ക്കും, പിഴയ്ക്കും വിധേയനാവും.
ഇതിന് കാരണഭൂതമായ 1972 ലെ കേന്ദ്രനിയമം മാറിയ തീരൂ. വന്യമൃഗങ്ങൾ വഴി കൃഷിയും, കൃഷിയിടവും നശിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, ഭക്ഷ്യവിള ഉല്പാദനവും, നാണ്യവിള ഉൽപാദനവും നിലച്ചിരിക്കുകയാണ്. ഇതുവഴി കർഷകർ മലമേഖലയിൽ നിന്നും കുടിയിറങ്ങുകയാണ്, ഇത് ഒരു ആഗോള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കാർബൺ ഫണ്ടും വനപരിസ്ഥിതി സംരക്ഷണത്തിന് ലഭിക്കുന്ന ഫണ്ടും കർഷകരെ നശിപ്പിക്കാൻ ഉപയോഗിക്കുകയാണ്. ഇതിനെതിരെ സന്ധിയില്ലാത്ത സമരം കേരള കോൺഗ്രസ് (എം) ജോസ് കെ മാണിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
കേന്ദ്രത്തിലും – സംസ്ഥാനത്തും സമരം ചെയ്യുന്നതോടൊപ്പം, ക്രിയാത്മക നിർദ്ദേശങ്ങളും പാർട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുൻപിൽ വയ്ക്കുകയാണ്. അതിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് നാട്ടിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ പന്നി ഒന്നിന് 1500 രൂപയും അതിനെ നിയമപരമായി കുഴിച്ചിടുന്നതിന് 2000 രൂപയും അനുവദിച്ചുകൊണ്ട് സംസ്ഥാന ദുരിതാശ്വാസനിധിയിൽ നിന്നും നൽകുവാൻ സംസ്ഥാന സർക്കാരിനെ കൊണ്ട് തീരുമാനിപ്പിച്ചിരിക്കുന്നത്.
ഈ വിഷയം ശാശ്വതമായി പരിഹരിക്കാൻ കേന്ദ്ര നിയമം മാറ്റിയേ തീരൂ അതിന് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുവാൻ ജോസ് കെ മാണി എംപിയുടെയും പാർട്ടി എംഎൽഎമാരുടെയും നേതൃത്വത്തിൽ ഡൽഹിയിലും ആ സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ 14 ജില്ലകളിലും ജനകീയ യാത്ര നടത്തുവാനും തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാർച്ച് 14,15 തീയതികളിൽ കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു വിന്റെ നേതൃത്വത്തിൽ ജനകീയ യാത്ര നടത്തുകയാണ്.
നാളെ (വെള്ളി) പിണ്ണാക്കനാട് നിന്നും ആരംഭിക്കുന്ന ജാഥ കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം പൂഞ്ഞാർ ടൗണിൽ ജോബ് മൈക്കിൾ എo.എൽ.എ ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച്ച കൂട്ടിക്കലിൽ നിന്നും ആരംഭിക്കുന്ന ജാഥ ഗവ: ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനo ചെയ്യും സമാപന സമ്മേളനം കോരുത്തോട് മടുക്കയിൽ പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.50-ൽ പരം കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തും.