general

കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും കർഷക പ്രക്ഷോഭം വ്യാപിപ്പിക്കും: ജോസ് കെ മാണി

പിണ്ണാക്കനാട്: 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അടിയന്തരമായി ഭേദഗതി ചെയ്തില്ലെങ്കിൽ ജീവിക്കുവാനുള്ള മലയോര ജനതയുടെ അവകാശ സംരക്ഷണത്തിനായുള്ള കർഷക പ്രക്ഷോഭം കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതി രൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച ഈ മാസം 27 ന് കേരള കോൺഗ്രസ് എം എംഎൽഎമാരും പാർട്ടി സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളും ഡൽഹിയിൽ ധർണ്ണ നടത്തുകയാണ്.

ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ ആക്രമണ സാഹചര്യങ്ങളിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണം. ദുരന്തനിവാരണ നിയമമനുസരിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുവാനും സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ പോലീസിനും റവന്യൂ വകുപ്പിനും സാധിക്കുകയും ചെയ്യും.

നിലവിൽ സ്വത്തിനും ജീവനും സംരക്ഷണമില്ലാത്ത ജനസമൂഹമായിട്ടാണ് മലയോര കർഷകർ ജീവിക്കുന്നത്. സ്വന്തം കൃഷിഭൂമിയിൽ നിന്നും ആദായമെടുക്കുന്നതിനോ കൈവശഭൂമിയിൽ കൃഷി ചെയ്യുന്നതിനോ കർഷകർക്ക് സാധിക്കാത്ത ഭയാനകമായ അവസ്ഥയാണ് മലയോര മേഖലകളിൽ നിലനിൽക്കുന്നത്.

ഏതു നിമിഷവും ഒരു വന്യമൃഗം ആക്രമിച്ചു കൊലപ്പെടുത്തുമെന്ന ഭീതിയിലാണ് മലയോര ഗ്രാമങ്ങളിലെ ഓരോരുത്തരും ഭീതിയോടെ ജീവിക്കുന്നത്. കേരളത്തിലെ വനങ്ങൾക്ക് താങ്ങാനാവാത്ത വിധം കാടുകളിൽ വന്യമൃഗങ്ങൾ പെറ്റു പെരുകിയിരിക്കുന്നു.

പരിഷ്കൃത രാജ്യങ്ങൾ ഇത്തരം സാഹചര്യങ്ങൾ സ്വീകരിക്കുന്ന യാതൊരു നടപടിയും ഇന്ത്യയിൽ കൈക്കൊള്ളാൻ ഇവിടെ നിലനിൽക്കുന്ന വന്യജീവി സംരക്ഷണ നിയമം മൂലം കഴിയുന്നില്ല. മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനെടുക്കുന്ന പ്രവർത്തനത്തിലോ മനുഷ്യരുടെ സ്വയ രക്ഷയ്ക്കുള്ള ശ്രമത്തിനിടയിലോ ഒരു വന്യമൃഗത്തിന് പരിക്കേറ്റാൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തപ്പെട്ട് മനുഷ്യരെ ജയിലിലടക്കുന്ന വിചിത്ര സ്ഥിതിയാണ് നിലനിൽക്കുന്നത്.

വനത്തിനുള്ളിൽ വന്യമൃഗത്തിന് ലഭിക്കുന്ന എല്ലാ സംരക്ഷണവും ജനവാസ മേഖലകളിലും നൽകാൻ ഭരണകൂട സംവിധാനങ്ങൾ നിർബന്ധിതരാകുന്നു. ഇക്കാരണത്താൽ മനുഷ്യർക്ക് സുരക്ഷ നൽകുന്നതിനോ അവരുടെ സ്വത്തുവകകൾ സംരക്ഷിക്കുന്നതിനോ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ല.

വന്യവർഗ്ഗത്തിന് മാത്രം എവിടെയും സംരക്ഷണം നൽകാനാണ് വനപാലകർ ശ്രമിക്കുന്നത്.മനുഷ്യരെ അവർ പരിഗണിക്കുന്നതേയില്ല. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിച്ചേ മതിയാകൂ.

ഇതിനായി കേന്ദ്രസർക്കാരും സമ്മർദ്ദം ചെലുത്തുന്നതിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രീയപാർട്ടികൾ ഒരുമിച്ച് കൈകോർക്കണം. നിലവിൽ കേരളത്തിലെ മലയോര കർഷകരുടെ മരണവാറണ്ടായിട്ടാണ് ഈ നിയമം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം എംഎൽഎമാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തുന്ന ധർമയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ച് കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ജനകീയ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാഥാ ക്യാപ്റ്റൻ പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യുവിന്,ജോസ് കെ മാണി പതാക കൈമാറി.അഡ്വ സാജൻ കുന്നത്തിന്റെ അധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജോർജുകുട്ടി ആഗസ്തി, ബേബി ഉഴുത്തുവാൽ, ഫിലിപ്പ് കുഴികുളം,ഔസേപ്പച്ചൻ വാളിപ്ലാക്കൽ,

സഖറിയാസ് കുതിരവേലി,ജോസ് പുത്തൻകാല,ജോസഫ് ചാമക്കാല, പെണ്ണമ തോമസ് പന്തലാനി,സിറിയക് ചാഴികാടൻ,ബ്രൈറ്റ് വട്ട നിരപ്പേൽ,സോജൻ ആലക്കുളം,ഡിനോ ജോൺ,ജോണിക്കുട്ടി മഠത്തിനകം,സോണി തെക്കൽ,ലാലിച്ചൻ കുന്നിപ്പറമ്പിൽ,ജോസ് ഇടവഴിക്കൽ,തോമസ് കീപ്പുറം,സണ്ണി മാത്യു എന്നിവർ പ്രസംഗിച്ചു.

പിണ്ണാക്ക് നാട് നിന്നും ആരംഭിച്ച ജനകീയ യാത്രയുടെ ആദ്യദിന പര്യടനം പൂഞ്ഞാർ ടൗണിൽ സമാപിച്ചു.സമാന്തര സമ്മേളനം അഡ്വ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇന്ന്(15/03/2025_ ശനി)രാവിലെ കൂട്ടിക്കലിൽ ഗവ ചീഫ് എൻ ജയരാജ് ജനകീയ യാത്രയുടെ രണ്ടാംദിന പര്യടനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറുമണിക്ക് മടുക്കയിൽ സമാപന സമ്മേളനം പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *