general

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തി

1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) ല്‍ വ്യക്തത ആവശ്യപ്പെട്ടും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ നിയമം കൂടി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ഇന്നലെ ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തി.

പാര്‍ട്ടിയുടെ എം.എല്‍.എമാരും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പടെ നൂറ് കണക്കിന് നേതാക്കളും പ്രവര്‍ത്തരും ധര്‍ണ്ണയില്‍ പങ്കെടുത്തു. ധര്‍ണ്ണയ്ക്ക് ശേഷം പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ. ഭൂപേന്ദര്‍ യാദവിനെ കണ്ട് ചര്‍ച്ച നടത്തുകയും വിശദമായ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.

വന്യമൃഗ ആക്രമണങ്ങള്‍ രൂക്ഷമായ പ്രദേശങ്ങള്‍ രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. അദ്ദേഹത്തിന്റെ ആ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു.

കേന്ദ്ര നിയമത്തിലെ സെക്ഷന്‍ 11(2) ചട്ടം ,ജനവാസ മേഖലകളിലിറങ്ങി ആക്രമിക്കുന്ന ഒരു വന്യമൃഗത്തെ പ്രാണരക്ഷാര്‍ത്ഥം കൊല്ലുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുന്ന ഒരാളിനെ ക്രിമിനല്‍ നിയമത്തിന്റെ നടപടിക്രമങ്ങളില്‍ നിന്നും ഒഴിവാക്കുന്നുണ്ടെങ്കിലും ഈ നിയമം തെറ്റായി വ്യാഖ്യാനിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെയും സാധാരണക്കാരുടെയും പേരില്‍ കേസെടുക്കുകയാണ്.

ഇത്തരം സംഭവങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്താതെ ഒരാളെ പ്രതിയാക്കാന്‍ പാടില്ല എന്നിരിക്കെ വ്യാപകമായി ഈ നിയമപ്രകാരം കുറ്റം ചുമത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. മറ്റ് കുറ്റകൃത്യങ്ങളില്‍ ഒരാള്‍ കുറ്റം ചെയ്തു എന്ന് തെളിയിക്കേണ്ടത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം പ്രോസിക്യൂഷന്‍ ആണെങ്കില്‍ വനം വകുപ്പ് ചുമത്തുന്ന കേസുകളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ ബാധ്യതയായി ഇത് മാറുന്നു.

നിയമത്തിന്റെ ഈ ‘ദുരുപയോഗം തടയുന്നതിന് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 63 പ്രകാരം പ്രത്യേകമായ ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.

ഈ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കാമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നല്‍കി.ഇടതുപക്ഷ എംപിമാരായ കെ രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, അഡ്വ. പി സന്തോഷ് കുമാര്‍, എ എ റഹീം, പി പി സുനീര്‍ എന്നിവരും ധര്‍ണ്ണ സമരത്തിന് അഭിവാദ്യം ചെയ്തു. കേരളം കോൺഗ്രസ് എം വൈസ് ചെയർമാനും മുൻ എം പിയുമായ തോമസ് ചാഴികാടൻ, പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരും ധർണയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *