പാലാ: അറുപത്തി ഒന്നാം വർഷം പിന്നിടുന്ന കേരള കോൺഗ്രസ് പാർട്ടിയുടെ ജന്മദിനം പാലാമണ്ഡലത്തിലുടനീളം ചുവപ്പും വെള്ളയും കലർന്ന ഇരുവർണ്ണ കൊടി വാനംമുട്ടെ ഉയർത്തി പാർട്ടി പ്രവർത്തകർ ആവേശത്തോടെ ആഘോഷമാക്കി.എന്നും എപ്പോഴും ജനപക്ഷ നിലപാടും ഇടപെടലുകളും നടത്തുന്ന പാർട്ടി ഏവരേയും ആകർഷിക്കുന്നതാക്കിയതായി പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പതാക ഉയർത്തൽ ചടങ്ങിൽ പറഞ്ഞു.
പാർട്ടിക്ക് പേരിട്ട് വിളിച്ച് പ്രഖ്യാപനം നടത്തിയ ഭാരത കേസരി മന്നത്തിനെയും മൺമറഞ്ഞ കെ.എം.മാണി യേയും സ്മരിച്ചു കൊണ്ടും ഇപ്പോൾ പാർട്ടിയെ നയിക്കുന്ന ചെയർമാൻ ജോസ് കെ.മാണിയ്ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുമാണ് ജന്മദിനാഘോഷം മധുരം വിളമ്പി നടത്തിയത്.
പാലായിൽ നടത്തിയ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ’ കെ.അലക്സ് പതാക ഉയർത്തി. ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാൽ, നഗരസഭാ ചെയർമാൻതോമസ് പീറ്റർ, ബിജു പാലൂ പടവൻ, ജോസുകുട്ടി പൂവേലി, പെണ്ണമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു
നഗരസഭാ കൗൺസിലർമാർ, ജനപ്രതിനിധികൾ, പാർട്ടി പോഷക സംഘടനാ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കരൂരിൽ കുഞ്ഞുമോൻ മാടപ്പാട്ടും രാമപുരത്ത് സണ്ണി പൊരുന്നകോട്ടും ഭരണങ്ങാനത്ത് ആനന്ദ് ചെറുവള്ളിയും, മുത്തോലിയിൽ മാത്തുകുട്ടി ചേന്നാട്ടും പതാക ഉയർത്തി.