general

മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്ന നയം : കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി

സംസ്ഥാനത്ത് വ്യാപകമായിരിക്കുന്ന മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം.

‘എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ്’ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. മയക്കുമരുന്നുകള്‍ മാത്രമാണ് വില്ലന്‍ എന്ന സമീപനം സ്വീകരിക്കാനാണ് സര്‍ക്കാരിനും അബ്കാരികള്‍ക്കും മദ്യപനും താല്പര്യം. ലഹരിയുടെ പട്ടികയില്‍ നിന്നും മദ്യത്തെ ലളിതവത്ക്കരിക്കുന്നത് നികുതി വരുമാനം ലക്ഷ്യംവച്ചാണ്.

ഡ്രൈ ഡേ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്ക് ഇളവുകള്‍. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതും മാരക ലഹരികള്‍ മനുഷ്യനെ മാനസിക രോഗികള്‍ ആക്കിയതും അറിഞ്ഞില്ലെന്ന് നടിച്ചവര്‍ മാധ്യമങ്ങളുടെയും, ലഹരിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും വലിയ ബോധവല്‍ക്കരണ പ്രക്രിയകള്‍ നടത്തുന്നത് മാധ്യമങ്ങളാണ്.

ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണ്. മദ്യവും, രാസലഹരികളും ഒരേ സമയം തടയപ്പെടേണ്ടതാണ്. മദ്യത്തിന്റെ കുറവാണ് ലഹരിവസ്തുക്കളുടെ വര്‍ദ്ധനയ്ക്ക് കാരണമെന്ന് പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ മൗനവ്രതത്തിലാണ്.

ലഹരി മാഫിയ സംസ്ഥാനത്ത് പിടിമുറുക്കിയതില്‍ നിന്നും എക്‌സൈസ് – പോലീസ് – ഫോറസ്റ്റ് – റവന്യു – ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. ലഹരിക്കെതിരെയുള്ള സര്‍ക്കാരിന്റെ കര്‍മ്മപരിപാടികള്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു. എന്തുകൊണ്ടാണ് ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍ നിന്നും കാല്‍നൂറ്റാണ്ട് കാലത്തെ ബോധവല്‍ക്കരണ – പ്രതികരണ – ചികിത്സാ കാര്യങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ള കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതിയെ ഒഴിവാക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകളെവരെ പങ്കെടുപ്പിക്കുന്നുണ്ടല്ലോ.

കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള എന്നിവര്‍ അടിയന്തിര കോര്‍മീറ്റിംഗ് ചേര്‍ന്നാണ് കെ.സി.ബി.സി.യുടെ നിലപാട് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *