പാലാ :നഗരത്തിന് പൊതുശല്യമായി തീര്‍ന്ന ഒരാള്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ രൂപതാ കാര്യലയത്തിന്റെ ബോര്‍ഡ് മോഷണത്തെ തുടര്‍ന്ന് ക്യാമറയില്‍ കുടുങ്ങി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സമിതിയുടെ ഓഫീസ് കാര്യാലയത്തിന്റെ കോമ്പൗണ്ടിലെ ബോര്‍ഡില്‍ രൂപതാ ബിഷപ്പിനെതിരെയും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെയും അപകര്‍ത്തിപരമായ പോസ്റ്ററുകള്‍ തുടരെ പതിപ്പിച്ച് ആക്ഷേപം നടത്തിയിരുന്ന കടനാട് സ്വദേശിയും ഇപ്പോള്‍ പാലായിലെ ഒരു ലോഡ്ജ് മുറിയില്‍ കഴിയേണ്ടിവരികയും ചെയ്യുന്ന ജെയിംസ് പാമ്പയ്ക്കന്‍ എന്ന വ്യക്തിയാണ് ഓഫീസിന്റെ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന മറ്റൊരു ഇരുമ്പ് ബോര്‍ഡുമായി മുങ്ങുന്നത് ക്യാമറയില്‍ പതിഞ്ഞത്.
അപകീര്‍ത്തിപരമായ പോസ്റ്റര്‍ പതിക്കുന്നതിനെതിരെ പാലാ ഡി.വൈ.എസ്.പി.ക്ക് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ഓഗസ്റ്റ് 1 ന് ഹര്‍ജി നല്‍കിയിരുന്നു. ഈ വിഷയം അന്വേഷണത്തിലിരിക്കുമ്പോഴാണ് ഓഫീസിന്റെ ഭിത്തിയിലെ ബോര്‍ഡുമായി ഇയാള്‍ മുങ്ങുന്നത്.
പ്രഗത്ഭരായ ആരുടെ ചിത്രങ്ങള്‍ കണ്ടാലും കരിഓയില്‍ ഒഴിക്കുകയും അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്യുന്ന മാനസികാവസ്ഥക്കാരനായ ഇയാള്‍ നവകേരള യാത്രയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നഗരത്തില്‍ സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിലും കരിഓയില്‍ ഒഴിച്ച് റിമാന്റില്‍ കഴിയേണ്ടി വന്നിട്ടുണ്ട്.
കടുത്ത മാനസിക പ്രശ്‌നങ്ങള്‍ കാണിക്കുന്ന ഇയാളെ അറസ്റ്റ് ചെയ്ത് അടിയന്തിര മാനിസാരോഗ്യ പരിശോധനയ്ക്ക് പൊലീസ് വിധേയമാക്കണമെന്നും അല്ലാത്തപക്ഷം പൊതുസമൂഹത്തിന് ഇയാള്‍ ഭീഷണിയാണെന്നും രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലും സംസ്ഥാന ജനറല്‍ സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിളയും ആവശ്യപ്പെട്ടു.
ബോര്‍ഡ് മോഷണം ചൂണ്ടിക്കാട്ടി രണ്ടാമതൊരു പരാതി കൂടി പാലാ എസ്.എച്ച്.ഒ.യ്ക്ക് സമിതി കൈമാറിയിട്ടുണ്ട്.