Main News

മലയാളികളുടെ പ്രിയ അമ്മ കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന പ്രിയ സിനിമാതാരം കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.

ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യന്‍, മധു, പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

നെഗറ്റീവ് റോളുകള്‍ അടക്കം വ്യത്യസ്ത വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു. മേഘതീര്‍ഥം എന്ന ചിത്രം നിര്‍മിച്ചു.

മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടം നേടിയിട്ടുണ്ട്. സിനിമാ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭര്‍ത്താവ്. മകള്‍ ബിന്ദു. മരുമകന്‍ വെങ്കട്ടറാം (യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗനില്‍ പ്രഫസര്‍).

പത്തനംതിട്ടയിലെ കവിയൂരില്‍ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂര്‍ രേണുക അടക്കം ഇളയ ആറു സഹോദരങ്ങള്‍ കൂടിയുണ്ട്.

പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോള്‍ കവിയൂരില്‍നിന്ന് കോട്ടയത്തെ പൊന്‍കുന്നത്തേക്കു താമസം മാറി. അച്ഛനില്‍നിന്നു പകര്‍ന്നുകിട്ടിയ സംഗീത താല്‍പര്യത്താല്‍ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിരുന്നു. എം.എസ്. സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം.

പന്ത്രണ്ടു വയസ്സുള്ളപ്പോള്‍, സംഗീതസംവിധായകന്‍ ജി.ദേവരാജന്‍ നാടകത്തില്‍ പാടാനായി പൊന്നമ്മയെ ക്ഷണിച്ചു. തോപ്പില്‍ ഭാസിയുടെ ‘മൂലധന’ത്തിലാണ് ആദ്യമായി പാടിയത്. പിന്നീട് അതേ നാടകത്തില്‍ നായികയെ കിട്ടാതെ വന്നപ്പോള്‍ ഭാസിയുടെ നിര്‍ബന്ധത്താല്‍ നായികയാകേണ്ടിവന്നു.

പിന്നെ കെപിഎസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ പ്രതിഭാ ആര്‍ട്‌സ്‌ക്‌ളബ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടകസമിതികളിലും പ്രവര്‍ത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടര്‍, അള്‍ത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

പതിനാലാം വയസ്സില്‍, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകന്‍ തങ്കപ്പന്‍ മാസ്റ്ററുടെ നിര്‍ബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്. മെറിലാന്‍ഡിന്റെ ‘ശ്രീരാമപട്ടാഭിഷേക’ത്തില്‍ മണ്ഡോദരിയുടെ വേഷമായിരുന്നു. കുടുംബിനി എന്ന ചിത്രത്തിലാണ് ആദ്യമായി അമ്മവഷത്തില്‍ അഭിനിയിച്ചത്. തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തില്‍ സത്യന്‍, മധു എന്നിവരുടെ അമ്മവേഷമായിരുന്നു. പിന്നീട് നെഗറ്റീവ് വേഷങ്ങളടക്കം ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചു.

പി.എന്‍. മേനോന്‍, വിന്‍സെന്റ്, എം.ടി. വാസുദേവന്‍ നായര്‍, രാമു കാര്യാട്ട്, കെ.എസ്. സേതുമാധവന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍, മോഹന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരില്‍ മിക്കവരുടെയും സിനിമകളില്‍ അഭിനയിച്ചു.

അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെല്‍റ്റ്, കരകാണാക്കടല്‍, തീര്‍ഥയാത്ര, നിര്‍മാല്യം, നെല്ല്, അവളുടെ രാവുകള്‍, കൊടിയേറ്റം, ഓപ്പോള്‍, കരിമ്പന, തിങ്കളാഴ്ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവര്‍ത്തനം, നഖക്ഷതങ്ങള്‍, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോല്‍, ഭരതം സന്താനഗോപാലം, സുകൃതം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. എട്ടോളം സിനിമകളില്‍ പാടിയിട്ടുണ്ട്. ഇരുപത്തഞ്ചിലേറെ ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *