general

കടനാട് മികച്ച കുടുംബാരോഗ്യ കേന്ദ്രo സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് നേടി

കടനാട്: പാലാ ഗവ: ജനറൽ ആശുപത്രിയ്ക്ക് പുറമെ 2024–25 വര്‍ഷത്തെ ആരോഗ്യ വകുപ്പിൻ്റെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡിന്റെ ഭാഗമായി കടനാട് കുടുംബാരോഗ്യ കേന്ദ്രം ജില്ലാതലത്തില്‍ മികച്ച കുടുംബാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. 94.2 ശതമാനം മാര്‍ക്ക് നേടിയാണ് ഈ ആരോഗ്യസ്ഥാപനം രണ്ട് ലക്ഷം രൂപയുടെ അവാര്‍ഡ് കരസ്ഥമാക്കിയത്.

ആശുപത്രിയിലെ ശുചിത്വം, മാലിന്യപരിപാലനം, അണുബാധ നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ പുലര്‍ത്തിയ ഉയർന്ന നിലവാരമാണ് കായകല്‍പ്പ് അവാര്‍ഡിന് വഴിയൊരുക്കിയത്.

കേരളസര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്.

കായകല്‍പ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ജില്ലാതല മൂല്യനിര്‍ണയത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആരോഗ്യ കേന്ദ്രങ്ങളെയാണ് കായകല്‍പ്പ് ജില്ലാതല നോമിനേഷന്‍ കമ്മിറ്റിയിലൂടെ സംസ്ഥാനതല കായകല്‍പ്പ് അവാര്‍ഡിന് പരിഗണിക്കുന്നത്.

കടനാട് കുടുംബാരോഗ്യ കേന്ദ്രം ശുചിത്വം, സേവനനിലവാരം, പരിസ്ഥിതി മാനദണ്ഡങ്ങള്‍ എന്നിവയിലുടനീളം പുലര്‍ത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് ഈ അംഗീകാരത്തിന് പിന്നില്‍.

കടനാട് പഞ്ചായത്ത് ഭരസമിതിയുടെ ശക്തമായ നേതൃത്വവും പിന്തുണയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ നിർലോഭമായ സഹകരണവും മെഡിക്കൽ ഓഫീസര്മാരായ ഡോ.ബ്രിജിറ്റ് ജോണ്‍, ഡോ. പ്രീനു സുസന്‍ ചാക്കോ മുൻ മെഡിക്കൽ ഓഫീസര്മാരായ ഡോ. വിവേക് പുളിക്കൽ, ഡോ. വിജീഷ വിജയൻ എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ ജീവനക്കാരുടെ ഏകോപിതമായ പരിശ്രമവുമാണ് കടനാട് കുബുംബാരോഗ്യ കേന്ദ്രത്തിന് ഈ വലിയ നേട്ടം കൈവരിക്കുവാൻ സാധിച്ചത് എന്ന് കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിജി തമ്പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *