kottayam

കെ.ആർ.നാരായണന്റെ അർധകായ വെങ്കല പ്രതിമ മന്ത്രി ആർ.ബിന്ദു അനാഛാദനം ചെയ്തു

കോട്ടയം: തെക്കുംതല കെ.ആർ.നാരായണൻ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ക്യാംപസിൽ സ്ഥാപിച്ച കെ.ആർ.നാരായണന്റെ അർധകായ വെങ്കല പ്രതിമ മന്ത്രി ആർ.ബിന്ദു അനാഛാദനം ചെയ്തു.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസന പ്രവർത്തനങ്ങൾക്കായി പ്ലാൻ ഫണ്ടെന്ന നിലയിൽ അഞ്ചരക്കോടി രൂപയും നോൺ പ്ലാൻ ഫണ്ടായി 4.11 കോടിയും അനുവദിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ശിൽപി സി.എൻ.ജിതേഷിന് ഉപഹാരം സമ്മാനിച്ചു. മന്ത്രി വി.എൻ.വാസവൻഅധ്യക്ഷത വഹിച്ചു.

കെ.ആർ.നാരായണന്റെ കുടുംബാംഗങ്ങളായ കെ.രാധാകൃഷ്ണനും ശാന്തകുമാരിയും അനാഛാദന ചടങ്ങിൽ സാക്ഷികളായി. ചാണ്ടി ഉമ്മൻ എംഎൽഎ ഓൺലൈനായി ആശംസകൾ അറിയിച്ചു.

കെ.ആർ.നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ‘ഹോപ് ഫോർ ഓൾ: ദ് ലെജൻഡ് ഓഫ് കെ.ആർ.നാരായണൻ പ്രദർശിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സയീദ് അക്തർ മിർസ, ഡയറക്ടർ പി.ആർ.ജിജോയ്, സംവിധായകൻ ഡോ.ബിജുകുമാർ ദാമോദരൻ, അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ, വാർഡ് മെംബർ രാജശേഖരൻ നായർ, ശ്രീദേവൻ കെ.പെരുമാൾ, ശ്രീദേവി കെ.ഗിരിജൻ എന്നിവർ പ്രസംഗിച്ചു. 70 കിലോ ഭാരമുള്ള വെങ്കല അർധകായ പ്രതിമ ഇൻസ്റ്റിറ്റ്യൂട്ടിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലാണ് സ്ഥാപിച്ചിരിക്കുന്നത്.

രണ്ടടി ഉയരവും രണ്ടടി വീതിയുമുള്ള പ്രതിമയ്ക്ക് ഏകദേശം നാല് ലക്ഷം രൂപയാണ് നിർമാണ ചെലവ്. അർധകായ പ്രതിമയുടെ ശിൽപിയും കണ്ണൂർ സ്വദേശിയായ സി.എൻ.ജിതേഷ് കൂടംകുളം, ആണവനിലയത്തിൽ ഹോമി ജെ.ബാബയുടെ പ്രതിമയും നിർമിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *