general

കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം ഏപ്രിൽ 8 ന് നാടിനു സമർപ്പിക്കും

കോഴായിലെ കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം അടുത്താഴ്ച നാടിനു സമർപ്പിക്കും. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററി അഫയേഴ്സ് വകുപ്പുമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് എം.സി. റോഡരികിൽ ബ്ലോക്ക് പഞ്ചായത്തോഫീസിനു സമീപം വിശ്രമകേന്ദ്രം യാഥാർഥ്യമാകുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത് 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണ് തണൽ വിശ്രമ കേന്ദ്രത്തിന്റെ നിർമാണത്തിനായി വകയിരുത്തിയത്. കൊച്ചി ആസ്ഥാനമായ കേരള ഇലക്ട്രിക്കൽസ് ലിമിറ്റഡ് ആണ് നിർമാണം.

മൂന്നുനിലകളിലായി 13,046 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം. ബ്ലോക്ക് പഞ്ചായത്തിന്റെ 19.589 സെന്റ് സ്ഥലം കെട്ടിടത്തിനും പാർക്കിംഗ് സൗകര്യത്തിനുമായി വിനിയോഗിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ ജില്ലാ കുടുംബശ്രീമിഷന്റെ മേൽനോട്ടത്തിൽ കുടുംബശ്രീ പ്രീമിയം കഫേ പ്രവർത്തിക്കും.

രണ്ടാം നിലയിൽ ഡോർമിറ്ററിയും 150 പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാളുമാണുള്ളത്. മൂന്നാം നില പൂർത്തിയാക്കി വനിതകൾക്കുള്ള ഷീ ലോഡ്ജ് സജ്ജമാക്കും.
മികച്ച അടിസ്ഥാന സൗകര്യങ്ങൾ,

ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, കാറ്ററിംഗ്, ഓൺലൈൻ സേവന സൗകര്യം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ, വിശാലമായ പാർക്കിങ്ങ് എന്നിങ്ങനെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രീമിയം കഫേയാണ് ഇവിടെ ഒരുങ്ങിരിക്കുന്നത്. കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യത്തിനാണു നടത്തിപ്പുചുമതല.

ജീവനക്കാരായി ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്ന് 40 വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നൽകി. മൂന്ന് മാസം നീണ്ട പരിശീലനം തൃശൂർ ഐഫ്രം ഏജൻസിയാണ് നൽകിയത്. ആറുമാസം ഇതേ ഏജൻസി കഫെ നടത്തിപ്പിനും ഒപ്പമുണ്ട്.

രാവിലെ ആറ് മുതൽ രാത്രി 11 വരെ മൂന്ന് ഷിഫ്റ്റായിട്ടായിരിക്കും ജോലി. ഭാവിയിൽ നൂറോളം വനിതകൾക്ക് കഫേയിലൂടെ തൊഴിൽ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. മികച്ച സേവനത്തിനൊപ്പം പ്രാദേശിക സാമൂഹിക സാമ്പത്തിക വികസനത്തിനും ഈ സംരംഭം വഴിയൊരുക്കും. വിശ്രമകേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്കിന്റെ ചുമതലയും കുടുംബശ്രീ വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *