pala

ബ്രൂവറി-ഡിസ്റ്റിലറി അനുമതിക്കെതിരെ ”സമരജ്വാല” പാലായില്‍ ഫെബ്രുവരി 4 ന്

പാലാ: പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും തുടരുന്ന ജനദ്രോഹമദ്യനയം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് 4 ന് ചൊവ്വാഴ്ച 4 മണിക്ക് പാലായില്‍ സമരജ്വാല പ്രതിഷേധ പരിപാടി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും.

രൂപതാ പ്രസിഡന്റ് പ്രസാദ് കുരുവിളയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടികള്‍ മദ്യവിരുദ്ധ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ഉദ്ഘാടനം ചെയ്യും. സാബു എബ്രാഹം, ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവേല്‍, ജോണ്‍ രാമപുരം, ജോസഫ് വെട്ടുകാട്ടില്‍, ജെസി ജോസ്, റ്റിന്റു അലക്‌സ് എന്നിവര്‍ പ്രസംഗിക്കും.

മനുഷ്യനന്‍മയ്ക്ക് ഉപകാരപ്രദമായ മറ്റ് വ്യവസായങ്ങള്‍ നാടുവിടുമ്പോള്‍ അടിമുടി നാശംവിതയ്ക്കുന്ന മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്കിയിരിക്കുന്നത് വിരോധാഭാസമാണ്. അധികാരത്തിലെത്തിയാല്‍ മദ്യവ്യവസായം തടയുമെന്നും

നിലവിലുള്ള മദ്യത്തില്‍ നിന്നും ഒരു തുള്ളി മദ്യംപോലും കൂടുതലായി അനുവദിക്കില്ലെന്നും ’29’ ബാറുകള്‍ മാത്രമുണ്ടായിരിക്കെ എട്ടരവര്‍ഷക്കാലം കൊണ്ട് നൂറുകണക്കിന് മദ്യശാലകള്‍ക്ക് മുക്കിലും മൂലയിലും അനുമതി നല്‍കിയതിന് മദ്യാസക്തി രോഗികളല്ലാത്ത സമൂഹത്തോട് സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും രൂപതാ സമിതി യോഗം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *