ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.
ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.
ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.
2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.