കേരള കോൺഗ്രസ് (എം) യുഡിഎഫിനൊപ്പം പ്രവർത്തിച്ചിരുന്ന കാലത്തു ലഭിച്ചതിലും കൂടുതൽ സീറ്റും പരിഗണനയും ഇന്ന് എൽഡിഎഫിൽനിന്നു ലഭിക്കുന്നുണ്ടെന്നു പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപി.
പ്രസ്ക്ലബ് ‘മുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിച്ചതു മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും സാന്നിധ്യമറിയിക്കാൻ പാർട്ടിക്കു കഴിയുന്നുണ്ട്.
യുഡിഎഫിൽ ആയിരുന്ന കാലത്ത് ഇത്രയും സ്വീകാര്യത ലഭിച്ചിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ ജില്ലയിൽ മാത്രം 470 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്.
സംസ്ഥാനത്തുടനീളം 1200ൽ അധികം സീറ്റുകളിലാണു പാർട്ടി മത്സരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.





