poonjar

പൂഞ്ഞാര്‍ പോലീസ് ഔട്ട്‌പോസ്റ്റിനെ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണം. ‘മുഖാമുഖം’ പരിപാടിയില്‍ മുഖ്യമന്ത്രിക്ക് നിവേദനം

നാല്പതിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂഞ്ഞാറില്‍ സ്ഥാപിച്ച പോലീസ് ഔട്ട്‌പോസ്റ്റിനെ ഉടന്‍ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്ന് പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി ജനമൈത്രി റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയനോടാവശ്യപ്പെട്ടു.

എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ‘മുഖാമുഖം’ പരിപാടിയിലേക്ക് മുഖ്യമന്ത്രിയുടെ പ്രത്യേകം ക്ഷണിതാവായി പങ്കെടുത്ത റെസിഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിളയാണ് മലയോര മേഖലയുടെ ക്രമസമാധാന സാഹചര്യങ്ങളും പ്രത്യേക ഭൂപ്രദേശ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി നേരിട്ട് നിവേദനം നല്കി ഈ ആവശ്യമുന്നയിച്ചത്.

ഏറ്റവും ജനസാന്ദ്രതയുള്ളതും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും തലനാട്, തലപ്പുലം, മൂന്നിലവ്, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പരിധികളും ഉള്‍പ്പെടുന്ന വിശാല ഭൂപ്രദേശത്ത് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ അംഗബലക്കുറവും ജോലിഭാരവും കണക്കിലെടുത്താല്‍ പൂഞ്ഞാര്‍ മലയോര മേഖലയെ ശ്രദ്ധചെലുത്താന്‍ പ്രയാസമുളവാകുമെന്നും അതിനാല്‍ പൂഞ്ഞാറില്‍ പോലീസ് സ്റ്റേഷന്‍ ഏറ്റവും അനിവാര്യമാണെന്നും നിവേദനത്തില്‍ പറയുന്നു.

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പൂഞ്ഞാറിലെ കല്ലേക്കുളത്ത് പോലീസ് വകുപ്പിന് വിട്ടുനല്‍കിയിരിക്കുന്ന സ്ഥലത്ത് സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച് പോലീസ് ഔട്ട്‌പോസ്റ്റിനെ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തുകയും അതുവരെ പഞ്ചായത്ത് കണ്ടെത്തി നല്‍കുന്ന സ്ഥലത്ത് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കണമെന്നും മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

ആദ്യകാലത്ത് 4 പോലീസുകാരുമായി തുടങ്ങിയ ഔട്ട്‌പോസ്റ്റ് പിന്നീട് രണ്ട് പോലീസുകാര്‍ വല്ലപ്പോഴും വന്നുപോകുന്ന സ്ഥിതിയായി. ഇപ്പോള്‍ അടഞ്ഞുകിടക്കുന്ന സ്ഥിതിയാണെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *