general

ഇലവീഴാപൂഞ്ചിറയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതിയ്ക്ക് വഴിതെളിയുന്നു

മനം മയക്കുന്ന പ്രകൃതി കാഴ്ച്ചകൾ സമ്മാനിക്കുന്നപ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി മാറി കഴിഞ്ഞ കോട്ടയം ജില്ലയിലെ മീനച്ചിൽ മലനിരയിലെ ഇലവീഴാപൂഞ്ചിറയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതിയ്ക്ക് വഴിതെളിയുന്നു. സാഹസിക ടൂറിസത്തിന്അനുയോജ്യമെന്ന് ടൂറിസം വകുപ്പ് വിദഗ്ദ സമിതി അധികൃതർക്ക് റിപ്പോർട്ട് ചെയ്തു .ഇതു സംബന്ധിച്ച വിശദമായ പഠന റിപ്പോർട്ട് ടൂറിസം വകുപ്പിന് കൈമാറും.

ടൂറിസം വകുപ്പു മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദഗ്ദ സംഘം മേലുകാവ് പഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ പ്രദേശം സന്ദർശിച്ച് സാഹസിക വിനോദ പദ്ധതികൾ നടപ്പാക്കുവാൻ പ്രാഥമിക രൂപരേഖ തയ്യാറാക്കിയത്. ഇവിടെ എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കുവാനാവുക എന്നതു സംബന്ധിച്ച് വിശദ പഠനം കൂടി ഉടൻ നടത്തും.

കല്ലുമലയിലാവും അഡ്വഞ്ചർ ടൂറിസം പദ്ധതിയ്ക്ക് സാദ്ധ്യത തെളിഞ്ഞിരിക്കുന്നത്. ജോസ്.കെ.മാണി എം.പി മന്ത്രി മുഹമ്മദ് റിയാസിനു നൽകിയ നിവേദനം പരിഗണിച്ചാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.

സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി ഇലവീഴാപൂഞ്ചിറയുടെ പ്രവേശന കവാടമായ കനാൻനാട് ജംഗ്ഷനിൽ മേലുകാവ് പഞ്ചായത്ത് വക സ്ഥലത്ത് അമിനിറ്റി സെൻ്റർ നിർമ്മാണത്തിന് ജോസ്.കെ.മാണി എം.പി.പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു.

ഇലവീഴാപൂഞ്ചിറയുടെ നയന മനോഹര കാഴ്ച്ചകൾ സമ്മാനിക്കുന്ന മുനിയറ യിലേയ്ക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിൻ്റെ ഭാഗമായി കനാൻ നാട് ജംഗ്ഷനിലെ തോടിന് കുറുകെ പാലവും ചെക് ഡാമും നിർമ്മിക്കും.

പൂഞ്ചിറ മേഖലയുടെ വശ്യസുന്ദര കാഴ്ച്ചകൾ കാണാൻ ബസിൽ പോകാൻ സൗകര്യം കൂടി ഏർപ്പെടുത്തുകയാണ്.കെ.എസ്.ആർ.ടി.സി കോട്ടയം – പാലാ- ഈരാറ്റുപേട്ട – മേലുകാവുമറ്റം – കാഞ്ഞിരംകല, – മേലുകാവ് – പെരിങ്ങാലി – കനാൻതോട്, പൂഞ്ചിറ – ചക്കി കാവ് -കൂവപ്പിള്ളി മൂലമറ്റം വഴിയാണ് പുതിയ റൂട്ട് തെരഞ്ഞെടുത്തിരിക്കുന്നത്.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൻ്റെ ഭാഗമായിരുന്ന മേലുകാവ് പഞ്ചായത്ത് പാലാമണ്ഡലത്തിൻ്റെ ഭാഗമായതോടെയാണ് ഇവിടേയ്ക്ക് റോഡ് നിർമ്മിച്ച് സഞ്ചാരികൾക്ക് വഴിതെളിച്ചത്.ആഭ്യന്തര പ്രാദേശിക ടൂറിസം പദ്ധതി വിപുലീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്ത പാലാ ഗ്രീൻ ടൂറിസം പദ്ധതി വഴിയാണ് ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ ഉൾപ്പെടുന്ന മീനച്ചിലിൻ്റെ എവറസ്റ്റിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സഞ്ചാരികളുടെ പറുദീസയാക്കി മാറ്റിയത്. ഇവിടങ്ങളിൽ ഇനിയും കൂടുതൽ പദ്ധതികൾ ഉണ്ടാകുമെന്നുള്ള പ്രഖ്യാപനത്തെയും നടപടികളെയും സഞ്ചാരികളുടെ ലോകം സ്വാഗതം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *