mundakkayam

ഫ്യൂച്ചർ സ്റ്റാർസ് ലഹരി വിരുദ്ധ റീൽസ് കോമ്പറ്റീഷൻ : വിജയികളെ പ്രഖ്യാപിച്ചു

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റ് പൂഞ്ഞാർ അഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് വേണ്ടി പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ നടത്തിയ റീൽസ് കോമ്പറ്റീഷന്റെ ഫലപ്രഖ്യാപനം എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു.

ഒന്നാം സമ്മാനം രഞ്ജിത്ത് ടി ആർ(No.110), രണ്ടാം സമ്മാനം അരവിന്ദ് ആർ. നായർ(No.111),മൂന്നാം സമ്മാനം അനന്തു സന്തോഷ്(No.101) എന്നിവർക്കാണ് ലഭിച്ചത്. ഏറ്റവും പോപ്പുലർ റീലായി തെരഞ്ഞെടുക്കപ്പെട്ടത് അനന്തു സന്തോഷിന്റെതാണ്.

ഒന്നാം സമ്മാനാർഹമായ റീലിന് 10000 രൂപ ക്യാഷ് പ്രൈസും മെമെന്റോയും സർട്ടിഫിക്കറ്റും, രണ്ടാം സ്ഥാനത്തിന് 7500 രൂപ ക്യാഷ് പ്രൈസും മെമെന്റോയും സർട്ടിഫിക്കറ്റും,മൂന്നാം സ്ഥാനത്തിന് 5000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും, കൂടാതെ പോപ്പുലർ റീലിന് 5000 രൂപ ക്യാഷ് പ്രൈസുമാണ് സമാനമായി ലഭിക്കുക.

വിജയികൾക്കുള്ള സമ്മാന ദാനം ജൂലൈ 13 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ നടക്കുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകുന്ന പ്രതിഭാ സംഗമ വേദിയിൽ വച്ച് മന്ത്രി എം.ബി രാജേഷ് നൽകും.

150 ഓളം പേർ പങ്കെടുത്ത റീൽസ് കോമ്പറ്റീഷനിൽ ജൂറിയുടെ പ്രാഥമിക പരിശോധനയെ തുടർന്ന് മാനദണ്ഡങ്ങളും, നിബന്ധനകളും പാലിച്ചിട്ടുള്ളതും,ശരിയായ ലഹരി വിരുദ്ധ സന്ദേശം പ്രകടിപ്പിക്കുന്നതും, സാങ്കേതിക തികവ് ഉള്ളതുമായ 16 റീലുകളെ അന്തിമഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുകയും, തുടർന്ന് എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രോജക്ട് ആയ വിമുക്തിയുടെ കോട്ടയം ജില്ലാ മാനേജർ സജീവ് കുമാർ , കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഡീഅഡിക്ഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ഫ്രാൻസിസ് മൂത്തേടൻ റാഫേൽ, ചങ്ങനാശ്ശേരി മീഡിയ വില്ലേജ് ഡയറക്ടർ സാജൻ കളത്തിൽ എന്നിവർ അടങ്ങിയ ജഡ്ജിങ്ങ് പാനൽ ആണ് വിജയികളെ തെരഞ്ഞെടുത്തത്.

റീൽസുകൾ ഇതിനോടകം ഒന്നര ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. ഈ പദ്ധതി ലഹരി രഹിത പൂഞ്ഞാർ- സുരക്ഷിത പൂഞ്ഞാർ എന്ന പേരിൽ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടു കൊണ്ടുപോകുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗവും, പ്രൊഫഷണൽ ട്രെയിനറും മോട്ടിവേഷണൽ സ്പീക്കറുമായ അഭിലാഷ് ജോസഫ്, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ് , സെക്രട്ടറി സുജ എം.ജി, എക്സിക്യൂട്ടീവ് അംഗവും മൂലമറ്റം സെന്റ് ജോസഫ് കോളേജ് സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ഡോ.മാത്യു കണമല, പ്രിയാ ബേബി, നിയാസ് എം.എച്ച് തുടങ്ങിയവരാണ് റീൽസ് കോമ്പറ്റീഷന്റെ സംഘാടകസമിതിയായി പ്രവർത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *