കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കടബാധ്യതയെന്ന് സൂചന. പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ (60) ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരെയാണ് ഇന്നു രാവിലെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാറിന്റെ സമീപത്തുനിന്ന് കീടനാശിനി കുപ്പി ലഭിച്ചു. മൂവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇവർക്ക് നാലു കോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കാഞ്ഞിരത്തുംമൂട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇവർക്ക് അവിടെ തുണിക്കടയുണ്ടായിരുന്നു.
സാമ്പത്തിക ബാധ്യത കാരണം കട പൂട്ടി. പിന്നീട് കുടുംബം തോട്ടയ്ക്കാട് വാടക വീട്ടിൽ താമസമാക്കി. മൂന്നു ദിവസമായി ഈ വീട് അടഞ്ഞു കിടക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
കടബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാണെന്ന് കരുതുന്നു. ഇവരെ കാണാതായതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. അഖിലിന്റെ പേരിലുള്ള കാറിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോർജ് – മേഴ്സി ദമ്പതികളുടെ ഇളയ മകൻ നിഖിൽ വർഷങ്ങൾക്കു മുൻപ് തോട്ടിൽ വീണ് മരിച്ചിരുന്നു.