ഏറ്റുമാനൂരിൽ മക്കളുമായി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകൾ ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനം ആയിരുന്നുവെന്ന് കോട്ടയത്ത് ജീവനൊടുക്കിയ ഷൈനിയുടെ അച്ഛൻ കുര്യാക്കോസ്. ഷൈനി നോബിയുടെ വീട്ടിൽ നിന്ന് ഇറങ്ങി വന്നത് അല്ല, ഇറക്കി വിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്.
അന്നു പുലർച്ചെ നോബി ഭാര്യയെ ഫോണിൽ വിളിച്ച് മാനസികമായി പീഡിപ്പിച്ചെന്ന് പൊലീസ് പറയുന്നു. ഭാര്യയ്ക്കു ചില വാട്സാപ് സന്ദേശങ്ങൾ അയച്ചതായി നോബി പൊലീസിനോടു സമ്മതിച്ചു.

ഡിലീറ്റ് ചെയ്ത ഈ സന്ദേശങ്ങൾ വീണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം.ഷൈനിയുടെ മൊബൈൽ ഫോണും പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആത്മഹത്യയ്ക്കു പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് ഏറ്റുമാനൂർ പൊലീസ് എസ്എച്ച്ഒ എ.എസ്.അൻസൽ പറഞ്ഞു.