പാലാ: മാര്‍ ജേക്കബ്ബ് മുരിക്കന്‍ പിതാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ പ്രതികരണവുമായി പാലാ രൂപത. രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിലും ഭരണങ്ങാനം പള്ളിയിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലും മുരിക്കന്‍ പിതാവ് എന്തുകൊണ്ട് പങ്കെടുത്തില്ലെന്നുള്ള വിശദീകരണമാണ് രൂപത പുറത്തുവിട്ടത്.
തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് രൂപതയുടെ പ്രതികരണം. രൂപതാ ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കലാണ് ഔദ്യോഗികമായിട്ടുള്ള അറിയിപ്പ് രൂപതയുടെ ഒഫീഷ്യല്‍ സമൂഹമാധ്യമ പേജില്‍ പ്രസിദ്ധീകരിച്ചത്.
വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:
പ്ലാറ്റിനം ജൂബിലി: രൂപതയുടെ അറിയിപ്പ്
പാലാ രൂപതയുടെ സഹായമെത്രാന്‍ ആയിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍ പിതാവിനെ സംബന്ധിച്ച് ചില സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളുടെ വെളിച്ചത്തിലാണ് ഈ കുറിപ്പ് നല്‍കുന്നത്.
2024 ജൂലൈ 26ന് ഭരണങ്ങാനം തീര്‍ത്ഥാടനപള്ളിയില്‍ നടന്ന രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനും 2024 നവംബര്‍ 17ന് രാമപുരം ഫൊറോനാ പള്ളിയില്‍ നടന്ന ക്രൈസ്തവ മഹാസമ്മേളനത്തിലെ സെമിനാറിലും മാര്‍ ജേക്കബ് മുരിക്കന്‍ പിതാവിനെ പ്രത്യേകമായി ക്ഷണിച്ചിട്ടുള്ളതും അദ്ദേഹം പങ്കെടുത്തിട്ടുള്ളതുമാണ്.
അതെ വിധത്തില്‍ തന്നെ 2025 മെയ് 10ന് പ്രവിത്താനത്ത് നടന്ന മിഷണറി സംഗമത്തിലും അഭിവന്ദ്യ മുരിക്കന്‍ പിതാവിനെ ക്ഷണിച്ചിരുന്നു.
2025 ജൂലൈ 26ന് രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ സമാപന ആഘോഷത്തെകുറിച്ചു നേരത്തെ അറിയിക്കുകയും അഭിവന്ദ്യ മുരിക്കന്‍ പിതാവിനെ ക്ഷണിക്കുവാനായി രൂപത വികാരി ജനറല്‍ പെരിയ ബഹു. ജോസഫ് മലേപ്പറമ്പില്‍ അച്ചനും ഫിനാന്‍സ് ഓഫിസര്‍ പെരിയ ബഹു. ജോസഫ് മുത്തനാട്ട് അച്ചനും നേരിട്ട് നല്ലതണ്ണിയില്‍ എത്തുകയും ചെയ്തിരുന്നു.