രാമപുരം: കഴിഞ്ഞ അഞ്ചു വർഷക്കാലമായി മാർ ആഗസ്തിനോസ് കോളേജിന്റെ പ്രിൻസിപ്പലായി സുത്യർഹമായ സേവനം ചെയ്ത ഡോ ജോയി ജേക്കബ് മാർച്ച് 31 ന് തൽസ്ഥാനത്തുനിന്ന് വിരമിക്കുന്നു.
ആദ്യ സൈക്കിളിൽ തന്നെ ‘നാക് എ ഗ്രേഡ്’ നേടുന്നതിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് നേതൃത്വം വഹിച്ചത്. ഈ കാലയളവിൽ 56 യൂണിവേഴ്സിറ്റി റാങ്ക് ഉൾപ്പെടെ നിരവധിയായ നേട്ടങ്ങൾ കരസ്ഥമാക്കിയതിനുശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്.
കുറവിലങ്ങാട് തൊണ്ടാംകുഴിയിൽ കുടുംബാംഗമായ ഡോ ജോയി ജേക്കബ് പാലാ സെൻറ് തോമസ് കോളേജിൽ പ്രൊഫസറായും കുറവിലങ്ങാട് ദേവമാതാ കോളേജിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചതിനുശേഷം ആണ് 2020 ൽ മാർ ആഗസ്തിനോസ് കോളേജിൽ പ്രിൻസിപ്പലായി ചുമതല ഏൽക്കുന്നത്.
ഈ കാലയളവിൽ അക്കാദമിക് തലത്തിൽ ഉന്നത നിലവാരത്തിൽ എത്തിയതിനോടൊപ്പം വിവിധങ്ങളായ ഇൻഫ്രാസ്ട്രക്ച്ചർ വളർച്ചയും ഉണ്ടായി.നിരവധി യൂണിവേഴ്സിറ്റി റാങ്കുകൾ കോളേജ് കരസ്ഥമാക്കി. യുജിസി 2 എഫ് അംഗീകാരം, ഐഎസ് ഒ 9001 -2015 സർട്ടിഫിക്കേഷൻ,കിർഫ് – നിർഫ് റാങ്കിങ്ങുകൾ,
എ ഐ സി ടി ഇ അഫിലിയേഷൻ എന്നിവ ഈ കാലയളവിലെ വലിയ നേട്ടങ്ങളാണ്.
കൂടാതെ നാഷണൽ സ്കിൽ ഡെവലപ്മെൻറ് സെൻറർ, ഐഇഡിസി പ്രൊജക്ടുകൾ എന്നിവ വിദ്യാർത്ഥികൾക്കായി നേടിയെടുത്തതിനൊപ്പം വിവിധ ക്യാമ്പസ് റിക്രൂട്ട്മെൻറ് സംഘടിപ്പിക്കാനും കോളജിനു കഴിഞ്ഞു.
യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ മികച്ച നേട്ടങ്ങൾ കൊയ്ത കോളേജ് മാക്സ് സ്പെക്ട്ര,മിഴിവ്, കസിൽഡ തുടങ്ങിയ പ്രോഗ്രാമങ്ങളിലൂടെ വിദ്യാർഥികളുടെ സർഗ്ഗവാസനങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.
വിവിധ സ്റ്റുഡൻസ് സെൻട്രിക് പ്രോഗ്രാമുകളും,കൗൺസിലിംഗുകളും,മെന്ററിങ്ങും വഴി വിദ്യാർഥികളിലേക്ക് ഇറങ്ങി ചെല്ലുവാൻ അധ്യാപകർക്ക് സാധിച്ചു.’ഇൻസ്പെയർ’ നാഷണൽ സയൻസ് ക്യാമ്പ് ഉൾപ്പെടെ ഉന്നത നിലവാരത്തിലുള്ള ദേശീയ, അന്തർദേശീയ സെമിനാറുകളും ക്യാമ്പുകളും ഈ കാലയളവിൽ നടത്തിയത് കോളേജിന് പൊൻതൂവൽ സമ്മാനിച്ചു എന്നതിൽ സംശയമില്ല.
തന്റെ ഉത്തരവാദിത്തപൂർണ്ണമായ ജോലിത്തിരക്കുകൾക്ക് ഒപ്പം 25 അക്കാദമിക് പബ്ലിക്കേഷൻസ് പുറത്തിറക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.അമൂല്യമായ സേവനങ്ങൾ നൽകി, മാതൃകാപരമായ നേതൃത്വത്തിലൂടെ രാമപുരം മാർ ആഗസ്തീനോസ് കോളേജിനെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്വാശ്രയ കോളേജ് ആക്കി മാറ്റിയശേഷമാണ് ഡോ ജോയി ജേക്കബ് പടിയിറങ്ങുന്നത് എന്നതിൽ അഭിമാനിക്കാം.

മാണി സി കാപ്പൻ എം എൽ എ , വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ,റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ,പഞ്ചായത്ത് പ്രസിഡൻറ് ലിസമ്മ മത്തച്ചൻ, അധ്യാപകർ,സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത യാത്രയയപ്പ് സമ്മേളനത്തിൽ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറത്ത് സ്നേഹോപഹാരം നൽകി വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, രാജിവ് ജോസഫ് തുടങ്ങിയവർ യാത്രാമംഗളങ്ങൾ നേർന്നു.