pala

അഖില കേരള സൈക്കിൾ പ്രയാണം

പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള അഖില കേരള സൈക്കിൾ പ്രയാണം കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും നോർത്ത് കേപ്പ് അൾട്രാ എൻഡുറൻസ് സൈക്ലിസ്റ്റുമായ ഫെലിക്സ് അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു.

പെൺകുട്ടികൾ ഉൾപ്പെടെയുള്ള 21 വിദ്യാർത്ഥികളും 7 അധ്യാപകരുമടങ്ങുന്ന സംഘം കേരളത്തിലെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് പരിസ്ഥിതി സംരക്ഷണം, വ്യായാമം, സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സന്ദേശങ്ങൾ വിവിധ വിദ്യാലയങ്ങളിലെത്തി കൈമാറും.

പന്ത്രണ്ട് ദിവസങ്ങൾ കൊണ്ട് 1200 കിലോമീറ്റർ പിന്നിടുന്ന യാത്രയിൽ പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ.ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ എന്നിവരും സംഘത്തിനൊപ്പമുണ്ട്.

പാലാ സെന്റ് തോമസ് കോളേജിനെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർത്തിയ അനശ്വര കായികപ്രതിഭ ജിമ്മി ജോർജിന്റെ ജന്മനാടായ പേരാവൂർ ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ സൈക്കിൾ പ്രയാണം സ്വീകരണമേറ്റുവാങ്ങും.

രണ്ടു മാസത്തെ പരിശീലനത്തിനും മുന്നൊരുക്കത്തിനും ശേഷമാണ് ഡിസംബർ 30 ന് സൈക്കിൾ പ്രയാണം ആരംഭിച്ചത്. പ്രിൻസിപ്പൽ ഡോ.സിബി ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ മുഖ്യാതിഥിയെ പരിചയപ്പെടുത്തി.

എൻ.സി.സി.ആർമി വിംഗ് 17 K കമാൻഡിങ് ബറ്റാലിയൻ ഓഫീസർ കേണൽ ഗുരു പ്രതാപ് സിങ് ആശംസയറിയിച്ചു. ഡോ. ആന്റോ മാത്യു തയ്യാറാക്കിയ സൈക്കിൾ പ്രയാണ ആന്തം സംഘാംഗങ്ങൾ ആലപിച്ചു. ചീഫ് കോർഡിനേറ്റർ ജിബിൻ രാജ ജോർജ് സ്വാഗതം ആശംസിച്ചു.

ബർസാർ റവ. മാത്യു ആലപ്പാട്ടുമേടയിൽ, കോർഡിനേറ്റർമാരായ ആശിഷ് ജോസഫ്, മഞ്ചേഷ് മാത്യു, റോബേഴ്സ് തോമസ്, ജിനു മാത്യു, ഡോ. അനീഷ് സിറിയക്ക്, ഡോ. ജോബിൻ ജോബ് മാത്തൻ, സ്റ്റുഡന്റസ് അഫയേഴ്സ് ഡീൻ ബോബി സൈമൺ, അസിസ്റ്റന്റ് ഡീൻ ശില്പ മാത്യു, വിദ്യാർത്ഥി പ്രതിനിധികളായ അരുണിക യു. നായർ, പ്രിൻസ് എബ്രഹാം, ജഗനാഥ് പി. എസ്. എന്നിവർ റാലിക്കു നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *