crime

സൈബർ അധിക്ഷേപ പരാതിയിൽ നടപടി; രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ശ്രമിച്ചതാണ് കുറ്റം. സൈബർ പൊലീസാണ് രാഹുൽ ഈശ്വറെ ചോ​ദ്യം ചെയ്യാൻ വിളിപ്പിച്ചത്.

രാഹുൽ ഈശ്വർ ഉൾപ്പെടെ നാലുപേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.

അതേസമയം ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഫ്‌ളാറ്റിലെ പരിശോധന പൂർത്തിയായി. ഇന്നത്തെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. പരാതിക്കാരിയെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായില്ല. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർ ടേക്കറിൽ നിന്ന് വിവരങ്ങൾ തേടും.

എംഎല്‍എ ഓഫീസിലും എസ്‌ഐടി സംഘം പരിശോധന നടത്തും. സ്വകാര്യ വാഹനത്തിലാണ് അന്വേഷണ സംഘമെത്തിയത്. പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ്‌ഐടി സംഘം യോഗം ചേര്‍ന്നു. പരിശോധനയ്ക്ക് പാലക്കാട്ടെ കൂടുതല്‍ പൊലീസ് സംഘത്തെ ആവശ്യപ്പെട്ടു. രണ്ടംഗ സംഘമായാണ് പരിശോധന നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *