erattupetta

ഈരാറ്റുപേട്ടയിൽ മതസ്പർധ, തീവ്രവാദ കേസുകൾ ഇല്ലെന്ന് ജില്ലാ പോലീസ് മേധാവിയുടെ തിരുത്തിയ റിപ്പോർട്ട്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ മതസ്പർധ, തീ വ്രവാദ എന്നീ കേസുകൾ ഇല്ലെന്ന് ജില്ലാ പോലീസ് മേധാവി മാർച്ച് 30ന് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായി ജനകീയ വികസന ഫോറം പ്രസിഡൻ്റ് പി.എ.മുഹമ്മദ് ഷെരീഫിന് ഏപ്രിൽ 23ന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു.

കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.കാർത്തിക് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപെട്ട് 2022 ഡിസംമ്പർ 22 ന് സംസ്‌ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർധ, തീവ്രവാദ  പ്രവർത്തനം, ക്രമസമധാന  പ്രശ്നം എന്നീ കേസുകൾ  ഈരാറ്റുപേട്ട സ്റ്റേഷനിൽ വളരെയധികമാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

മതസ്പർധ, തീവ്രവാദ പ്രവർത്തനം എന്നീ കേസുകൾ ഈരാറ്റുപേട്ടയിൽ ഇല്ലെന്ന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ 2024 ഒക്ടോബർ 12 ന് ഷെരീഫിന് നൽകിയ വിവരാവകാശ മറുപടിയിൽ പറഞ്ഞിരുന്നു.

ഇതേതുടർന്ന് കഴിഞ്ഞ വർഷം നവംമ്പർ 18 ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ജനകീയ വികസന ഫോറം പ്രസിഡൻ്റ് ഷെരീഫ് ഈ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.

ഇതേതുടർന്നാണ് ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.കാർത്തികിൻ്റെ 2022 ഡിസംമ്പറിലെ റിപ്പോർട്ട് ഇപ്പോഴത്തെ ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് തിരുത്തി മാർച്ച് 30ന് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *