kaduthuruthy

കടുത്തുരുത്തിയിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ക്രൈസ്തവ ഐക്യ പ്രാർത്ഥന

കടുത്തുരുത്തി : ക്രൈസ്തവ ഐക്യത്തിനായുള്ള ആഗോള പ്രാർത്ഥനാ വാരം ജനുവരി 18 മുതൽ 25 വരെ കേരളത്തിലും സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാർ സഭയുടെ ആതിഥേയത്വത്തിൽ കടുത്തുരുത്തി മർത്ത് മറിയം ഫൊറോനാ താഴത്തു പള്ളിയിൽ വച്ച് കെസിബിസി എക്യുമെനിക്കൽ കമ്മീഷന്റെയും കെ സി സി യുടെയും ആഭിമുഖ്യത്തിൽ ആറാം ദിവസത്തെ പ്രാർത്ഥന ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ക്രമീകരിക്കുന്നു.

എ ഡി 325 ൽ നിഖ്യായിൽ നടന്ന ആദ്യ ക്രൈസ്തവ എക്യുമെനിക്കൽ സൂനഹദോസിന്റെ 1700 ആം വാർഷികത്തോടനുബന്ധിച്ചാണ് 2025ലെ പ്രാർത്ഥനാവാരം ചരിത്രത്തിൽ ആദ്യമായി കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ എക്യുമെനിസം & ഇന്റർ റിലീജിയസ് ഡയലോഗ് കമ്മീഷനും കേരള ക്രിസ്ത്യൻ കൗൺസിലും സംയുക്തമായി ആചരിച്ചു തുടങ്ങാൻ തീരുമാനിച്ചത്.

17 നൂറ്റാണ്ടുകൾക്ക് മുമ്പ് ക്രൈസ്തവസഭകളെല്ലാം പൂർണ്ണ ഐക്യത്തിൽ ആയിരുന്ന ആദ്യ നാലു നൂറ്റാണ്ടുകളുടെയും മലങ്കരയിലെ മാർത്തോമാ നസ്രാണി സമുദായം 17-)o നൂറ്റാണ്ടു വരെ ഒരൊറ്റ ജാതിയും സമുദായവും ആയിരുന്നതിന്റെയും ഓർമ്മകൾ പുതുക്കുകയും പ്രാർത്ഥനയിലൂടെയും പഠനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ക്രൈസ്തവ ഐക്യത്തിനായി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് കടുത്തുരുത്തിയിലെ സമ്മേളനത്തിൽ പ്രകാശിതമാകുന്നത്.

1968 മുതലാണ് കത്തോലിക്കാ സഭയുടെ ക്രൈസ്തവ ഐക്യത്തിന്റെ പ്രോത്സാഹനത്തിനായുള്ള ഡിക്കാസ്ട്രിയും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ഫെയ്ത്ത് ആൻഡ് ഓർഡർ കമ്മീഷനും ചേർന്നു തയ്യാറാക്കുന്ന പ്രാർത്ഥനകൾ ക്രൈസ്തവ ഐക്യ പ്രാർത്ഥന വാരത്തിന് ഉപയോഗിച്ചു തുടങ്ങിയത്.

ആഗോളതലത്തിലും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ക്രൈസ്തവ ലോകം സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളെ നേരിടുന്ന കാലഘട്ടത്തിൽ സഭൈക്യ പ്രവർത്തനങ്ങൾക്ക് പ്രസക്തിയറുകയാണ്.

ഒന്നാം നൂറ്റാണ്ടു മുതൽ നസ്രാണി ക്രൈസ്തവ സാന്നിധ്യം ഉള്ള കടുത്തുരുത്തിയിൽ വച്ച് ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരം സംഘടിപ്പിക്കുമ്പോൾ മാർത്തോമൻ പൈതൃകം ഉള്ള പൗരസ്ത്യ സഭകളുടെ കൂട്ടായ്മയ്ക്ക് കൂടുതൽ ബലമേകും.

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർ ഫ്രാൻസിസ് പാപ്പായും മുൻഗാമികളും പാശ്ചാത്യവും പൗരസ്ത്യവും ആയ എല്ലാ സഭകളുടെയും പൂർണ്ണ ഐക്യത്തിനായുള്ള ആഹ്വാനങ്ങളും പ്രാർത്ഥനകളും എല്ലാവർഷങ്ങളിലും നടത്താറുണ്ട്.

സീറോ മലബാർ സഭ ആതിഥേയത്വം വഹിക്കുന്ന ദിവസം കടുത്തുരുത്തി താഴത്തു പള്ളിയിൽ ( St. Mary Forane Church, Kaduthuruthy, Palai ) സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും.

യോഗത്തിൽ സീറോ മലങ്കര കത്തോലിക്കാ സഭയിൽ നിന്നുള്ള അബ്രഹാം മാർ യൂലിയോസ് (മൂവാറ്റുപുഴ ഭദ്രാസന മുൻ അധ്യക്ഷൻ ), മലങ്കര മാർത്തോമ സുറിയാനി സഭയിൽ നിന്നുള്ള ജോസഫ് മാർ ബർണ്ണബാസ് (സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയും റാന്നി ഭദ്രാസന അധ്യക്ഷനും ), മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ നിന്നുള്ള ജോഷ്വാ മാർ നിക്കോദിമോസ് ( നിലക്കൽ ഭദ്രാസന അധ്യക്ഷൻ ), മലങ്കര യാക്കോബായ സുറിയാനി സഭയിൽ നിന്നുള്ള സഖറിയാസ് മാർ ഫിലക്സിനോസ്

(ഇടുക്കി ഭദ്രാസന അധ്യക്ഷനും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറും), മാത്യൂസ് മാർ അന്തിമോസ് ( മൂവാറ്റുപുഴ, അങ്കമാലി ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയും യു കെ യിലേക്കും അയർലണ്ടിലേക്കുമുള്ള പാത്രിയർക്കീസിന്റെ വികാരിയും), മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ റവ. യാക്കോബ് റമ്പാച്ചൻ ( ദേവലോകം അരമന ),

മലബാർ സ്വതന്ത്ര സുറിയാനി – തൊഴിയൂർ സഭയിലെ റവ. സ്കറിയ ചീരനച്ചൻ തുടങ്ങിയവർ അനുഗ്രഹ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സീറോ മലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപത അധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രാർത്ഥനാ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

നിർണായകമായ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കടുത്തുരുത്തിയിലെ 2025 ലെ പ്രാർത്ഥനാവാര ശുശ്രൂഷകൾക്ക് വികാരി ഫാ. മാത്യു ചന്ദ്രൻ കുന്നേൽ, അസി. വികാരി ഫാ. ജോസഫ് ചീനോത്ത് പറമ്പിൽ, ഫാ. മാത്യു തയ്യിൽ , KCBC എക്യൂമെനിക്കൽ ആൻഡ് ഇന്റർ റിലീജിയസ് ഡയലോഗ് കമ്മീഷൻ സെക്രട്ടറി ഫാ. ദാനിയേൽ ബഥേൽ , സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ, KCC ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് തുടങ്ങിയവർ നേതൃത്വം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *