കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തടവുകാരെ ചികിത്സിക്കാൻ നിർമിച്ച പ്രത്യേക വാർഡിന്റെ ((പ്രിസണേഴ്സ് സെൽ വാർഡ്) ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജി എം.മനോജ് നിർവഹിച്ചു.
ജില്ലയിലെ വിവിധ കോടതികൾ റിമാൻഡ് ചെയ്തു വരുന്ന തടവുകാരെയും മറ്റു ജയിലുകളിൽ നിന്ന് ചികിത്സാ ആവശ്യങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്ന തടവുകാരെയും നിലവിൽ പൊതുജനങ്ങളെ കിടത്തുന്ന സാധാരണ വാർഡുകളിൽ തന്നെയാണ് അഡ്മിറ്റ് ചെയ്യുന്നത്.
ഇത് വൻ സുരക്ഷാ വീഴ്ചയ്ക്കും അഡ്മിറ്റായി കഴിയുന്ന മറ്റ് രോഗികൾക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സ്ഥിതിക്കു പരിഹാരമെന്ന നിലയിലാണ് തടവുകാർക്ക് മാത്രമായി പുതിയ വാർഡ് തുറന്നത്. 5 പ്രതികളെ ഒരേ സമയം കിടത്തി ചികിത്സിക്കാവുന്ന തരത്തിൽ 2 സെൽ മുറികളോടു കൂടിയ വാർഡ് ആണ് തയാറായിരിക്കുന്നത്.
അത്യാഹിത ബ്ലോക്കിന്റെ 3–ാം നിലയിലാണ് വാർഡ്. ഇതിനോട് ചേർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജുഡിഷറി, ആരോഗ്യം, പൊലീസ്, ജയിൽ എന്നീ വകുപ്പുകൾ സംയുക്തമായാണു പദ്ധതി നടപ്പിലാക്കിയത്.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ജി.പ്രവീൺകുമാർ, ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, അഡീഷനൽ എസ്പി വിനോദ് പിള്ള, മെഡിക്കൽ കോളജ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ.രതീഷ് കുമാർ, ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ.ശരത്, ഡിവൈഎസ്പി കെ.ജി.അനീഷ് കുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി.ശ്രീലേഖ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ദീപ,
മെഡിക്കൽ കോളജ് ആർഎംഒ. ഡോ. സാം ക്രിസ്റ്റി, ജില്ലാ ജയിൽ വെൽഫെയർ ഓഫിസർ ജോർജ് ചാക്കോ, പൊൻകുന്നം സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് സി.ഷാജി, പാലാ സബ് ജയിൽ സൂപ്രണ്ട് പി.എം.കമാൽ, കോർട്ട് മാനേജർ കെ.ഹരികുമാർ നമ്പൂതിരി, ഗാന്ധിനഗർ എസ്എച്ച്ഒ ടി.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.