pala

സിസിഐ ദേശീയ സമ്മേളനം ഇന്ന് മുതൽ പാലായിൽ

പാലാ: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 17ന് സമാപിക്കും. അരുണാപുരം അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്കാ സഭയിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ സഭകളിലെ വൈദികമേലധ്യക്ഷന്മാർ, വൈദികർ, സന്യസ്തർ, അത്മായർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും.

ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അത്മായരുടെ സവിശേഷ പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സമ്മേളനം. ഇന്ന് വൈകുന്നേരം അഞ്ചിന് ലത്തീൻ റീത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് സംഗമത്തിന് തുടക്കമിടുന്നത്.

മുംബൈ ആർച്ച്ബിഷപ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് മുഖ്യകാർമികനാകും. സിസിബിഐ ലെയ്റ്റി കമ്മീഷൻ പ്രസിഡന്റ് ബംഗളുരു ആർച്ച്ബിഷപ് പീറ്റർ മച്ചാഡോ, സിബിസിഐ വൈസ് പ്രസിഡന്റ് ജോസഫ് മാർ തോമസ്, കെസിബിസി വൈസ് പ്രസിഡന്റ് മാർ പോളി കണ്ണൂക്കാടൻ, വിജയപുരം സഹായമെത്രാൻ ബിഷപ് ഡോ. ജസ്റ്റിൻ മഠത്തിക്കണ്ടം എന്നിവർ സഹകാർമികരാകും.

6.30ന് ഉദ്ഘാടനസമ്മേളനം. സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിയൻ മുഖ്യാതിഥിയായി പങ്കെടുക്കും.

16ന് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടസന്ദർശനം. 6.45ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. പി.ജെ തോമസ് , ഡോ. ചാക്കോ കാളാമ്പറമ്പിൽ, ഡോ. സി.ടി മാത്യു, ഡോ. ആന്റോസ് ആന്റണി, റിട്ട. ജസ്റ്റിസ് സുനിൽ തോമസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.

17ന് 6.45ന് സീറോ മലങ്കര സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ബിഷപ് ഡോ. അലക്‌സ് വടക്കുംതല പ്രബന്ധാവതരണം നടത്തും. സമാപനസമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *