general

ലഹരി വ്യാപനത്തിനും അക്രമത്തിനും സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്

ഓണം പോലുള്ള ഫെസ്റ്റിവല്‍ സീസണില്‍ മദ്യവും, ലഹരിയും അക്രമവും വ്യാപകമായുണ്ടായാല്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തരവാദിത്വം ഉണ്ടായിരിക്കുമെന്ന് കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്.

ഓരോ ആഘോഷാവസരങ്ങളും കഴിയുമ്പോള്‍ കോടിക്കണക്കിനു രൂപയുടെ മദ്യം വിറ്റഴിഞ്ഞുവെന്ന കണക്കു പുറത്തു വിടാന്‍ ഭരണാധികാരികള്‍ വെമ്പല്‍കൊള്ളുകയാണ്. മദ്യപാനത്തിന്റെയും മാരക രാസലഹരി ഉപയോഗത്തിന്റെയും വര്‍ധന സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ സാധാരണ ജനത്തിന്റെ മാനസിക രോഗാവസ്ഥയെയാണ്.

സംസ്ഥാനത്തിന്റെ മുക്കിലും, മൂലയിലും മാരക ലഹരികള്‍ മൂലം അക്രമങ്ങള്‍ പെരുകുകയാണ്. കരുനാഗപ്പള്ളിയില്‍ ലഹരി മാഫിയ 10 വീടുകള്‍ അടിച്ചു തകര്‍ത്തത് ലഹരി മാഫിയായുടെ ശക്തമായ സ്വാധീനം നാട്ടിലുണ്ടായിരിക്കുന്നതും, ഇന്റലിജിന്‍സിന്റെ പരാജയത്തെയും സൂചിപ്പിക്കുന്നു.

ഫെസ്റ്റിവല്‍ സീസണിലെ കോടിക്കണക്കിനു ലിറ്റര്‍ മദ്യത്തിന്റെ ഉപയോഗ കണക്കു പുറത്തു വിടുന്നവര്‍ ഈ കാലത്തുണ്ടാകുന്ന അക്രമങ്ങളുടെയും, വാഹനാപകടങ്ങളുടെയും, കൊലപാതകങ്ങളുടെയും കണക്കുകള്‍ കൂടി പുറത്തുവിടണം.

മനുഷ്യന്റെ ലഹരിയാസക്തി എന്ന ബലഹീനതയെ അബ്കാരികളും, ഭരണക്കാരും ചൂഷണം ചെയ്യുകയാണ്. ഓണം ഫെസ്റ്റിവല്‍ സീസണോടനുബന്ധിച്ചു നല്‍കിയ പ്രത്യേക ലഹരി വിരുദ്ധ സന്ദേശത്തിലാണ് ബിഷപ് ഇപ്രകാരം സൂചിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *