kottayam

ബിന്ദുവിൻ്റെ വീട് എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കും: മന്ത്രി ഡോ. ആർ. ബിന്ദു

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഡി. ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ വീടിൻ്റെ നിർമാണം ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തീകരിച്ചു നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

തലയോലപ്പറമ്പ് ഉമ്മാം കുന്നിലുള്ള ബിന്ദുവിൻ്റെ വീട് സന്ദർശിച്ച മന്ത്രി ഇതു സംബന്ധിച്ച കരാർ കരാറുകാരൻ അജിക്ക് കൈമാറി. സി.കെ. ആശ എം.എൽ.എ, എൻ.എസ്.എസ്. സംസ്ഥാന ഓഫീസർ ഡോ. ആർ. എൻ. അൻസാർ, എൻ.എസ്.എസ്. മഹാത്മാഗാന്ധി സർവകലാശാലാ കോ- ഓർഡിനേറ്റർ ഡോ. ഇ എൻ. ശിവദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇവർക്ക് മൂന്നു പേർക്കുമാണ് നിർമ്മാണത്തിൻ്റെ മേൽനോട്ടച്ചുമതല. 12.80 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ നിർമ്മാണം ആരംഭിക്കും. 50 ദിവസത്തിനകം പൂർത്തിയാക്കാനാണുദ്ദേശിക്കുന്നത്. എൻ. എസ്. എസ്. വിദ്യാർഥികൾ സമാഹരിക്കുന്ന തുകയ്ക്കൊപ്പം സുമനസുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ബിന്ദുവിൻ്റെ വീട്ടിലെത്തിയ മന്ത്രി അമ്മ സീതാലക്ഷ്മി,ഭർത്താവ് വിശ്രുതൻ, മകൻ നവനീത് എന്നിവരെ കണ്ട് സർക്കാർ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് അറിയിച്ചു. മകൾ നവമിയുടെ ചികിത്സ നല്ല രീതിയിൽ പൂർത്തിയാക്കുമെന്നും മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *