പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പം യാത്ര ചെയ്ത സഹോദരിക്ക് ഗുരുതര പരിക്ക്. കാഞ്ഞിരപ്പള്ളി ചേനപ്പാടി കിഴക്കേക്കര നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥാണ് (22 ) മരിച്ചത്. പരുക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ (27)ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിലാണ് അപകടം.
എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടശേഷം റോഡിൽ കിടന്ന സഹോദരങ്ങളെ നാട്ടുകാർ വിളിച്ചു വരുത്തിയ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ ഇരുവരും റോഡിൽ കിടക്കുകയായിരുന്നു. കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിൻ്റെ കല്യാണം കൂടാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിലിൽ ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിക്കയാണ്.




