ബിവറേജ് പൂട്ടുന്നതിന് മുന്‍പ് ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പാക്കണമെന്ന് സര്‍ക്കുലര്‍. 9 മണിക്ക് ക്യൂവില്‍ വരുന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പിക്കണമെന്ന് ബീവറേജ് കോര്‍പ്പറേഷന്‍ സര്‍ക്കുലറില്‍ പറയുന്നു. ക്യൂ നില്‍ക്കുന്നവര്‍ക്ക് മദ്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
മദ്യം വാങ്ങാനെത്തുന്നവരെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് മടക്കിയയ്ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് ബിവറേജസ് പറയുന്നത്. എന്നാല്‍ ഷോപ്പ് ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിക്കാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത് അംഗീകരിക്കാനാകില്ലെന്നാണ് ജീവനക്കാരുടെ പക്ഷം.

സാദാ ഔട്ട്‌ലെറ്റുകള്‍ക്കും പ്രീമിയം ഔട്ട്‌ലെറ്റുകള്‍ക്കും നിലവിലെ ഉത്തരവ് ബാധകമാണ്. രാവിലെ 10 മണി മുതല്‍ 9 മണി വരെയാണ് നിലവില്‍ ബിവറേജ് പ്രവര്‍ത്തിക്കുന്നത്.