pala

രാജ്യത്തെ ബാങ്കുകളിൽ പിഴ രഹിത സീറോ ബാലൻസ് അക്കൗണ്ടുകൾ വിദ്യാർത്ഥികൾക്കു അവകാശമാക്കണം: ബാങ്ക് ഉപഭോക്താക്കളുടെ സംഘടന

പാലാ: രാജ്യത്തെ എല്ലാ ബാങ്കുകളിലും പൊതുമാനദണ്ഡം നിശ്ചയിച്ചു സൗജന്യമെസേജ് സൗകര്യമുൾപ്പെടെ ലഭ്യമാക്കി പിഴ രഹിത സീറോ ബാലൻസ് അക്കൗണ്ടുകൾ വിദ്യാർത്ഥികൾക്കു അവകാശമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബാങ്ക് കസ്റ്റമേഴ്സ് റൈറ്റ്സ് ആൻ്റ് പ്രൊട്ടക്ഷൻ നെറ്റ് വർക്ക് പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ, സംഘടിപ്പിച്ച ബാങ്ക് ഉപഭോക്താക്കളുടെ സമ്മേളനം ആവശ്യപ്പെട്ടു.

വിദ്യാർത്ഥികൾക്കു അധികം സൗകര്യങ്ങൾ ആവശ്യമില്ലെന്നിരിക്കെ ആവറേജ് മിനിമം ബാലൻസിൻ്റെയടക്കം നിരവധി പേരുകളിൽ മിക്ക ബാങ്കുകളും പിഴകൾ ഈടാക്കികൊണ്ടിരിക്കുന്ന നടപടി അനീതിയാണ്.

ബാങ്കിംഗ് സാർവ്വത്രികമാകുന്ന കാലഘട്ടത്തിൽ രാജ്യത്തെ വിദ്യാർത്ഥികൾക്കു പിഴരഹിത അക്കൗണ്ടുകൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ചു കേന്ദ്ര ധനകാര്യമന്ത്രി, റിസർവ്വ് ബാങ്ക് ഗവർണർ എന്നിവർക്കു നിവേദനം നൽകും.

ബാങ്ക് ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിക്കാൻ സംഘടന നിയോജകമണ്ഡലം അടിസ്ഥാനത്തിൽ സമിതികൾ രൂപീകരിക്കും. സമ്മേളനം മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. ജാക്സൺ ചെറിയാൻ, ഹരിപ്രസാദ്, മാത്യു എ കെ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *