kottayam

കോട്ടയം മെഡിക്കൽ കോളജിലെ കൂട്ടിരിപ്പുകാർക്ക് ആശ്വാസം; ഭവനനിർമാണ ബോർഡിന്റെ വാടകവീടിന് ശിലയിട്ടു

കോട്ടയം: രോഗികളുടെ കൂട്ടിരിപ്പുകാരുടെ മനോവ്യഥ കുറയ്കുറയ്ക്കുന്നതിനുള്ള വിനോദോപാധികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആശ്വാസ് ഭവനിൽ ഒരുക്കുമെന്നു റവന്യൂ -ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ.

കോട്ടയം മെഡിക്കൽ കോളജിൽ രോഗികളുടെ കൂട്ടിരുപ്പുകാർക്കു മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കുന്നതിന് സംസ്ഥാന ഭവന നിർമാണ ബോർഡ് വഴി നടപ്പാക്കുന്ന ആശ്വാസ് വാടക വീടുകളുടെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ മൂന്ന് നിലകളിലായാണ് നിർമിക്കുന്നതെങ്കിലും ആവശ്യമായി വരുന്ന പക്ഷം വിപുലീകരിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. മെഡിക്കൽ കോളജ് നഴ്‌സിങ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.

കോട്ടയം മെഡിക്കൽ കോളേജിന്റെ സുവർണ കാലഘട്ടമാണിതെന്നും ആശ്വാസ് ഭവൻ വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ നാലാമത്തെ ആശ്വാസ് വാടകവീട് പദ്ധതിയാണ് കോട്ടയം മെഡിക്കൽ കോളജിൽ നടപ്പാക്കുന്നത്. ഭവന നിർമ്മാണ വകുപ്പിന്റെ 2022-23 ബജറ്റിൽ ഉൾപ്പെടുത്തി കോട്ടയം മെഡിക്കൽ കോളേജിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്ത് ട്ടു കോടി രൂപ ചിലവിൽ മൂന്നു നിലകളിലായി 1534. 53 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്.106 പേർക്ക് താമസിക്കാനാകും.

ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്‌ളോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ടി.കെ. ജയകുമാർ, ഗവ. ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. കണ്ണൻ വടക്കേപുരയിൽ, ഭവനനിർമാണ ബോർഡ് അംഗം സുഭാഷ് പുഞ്ചക്കോട്ടിൽ, ഭവന നിർമാണ ബോർഡ് ചീഫ് പ്രോജക്ട് ഓഫീസർ എസ്. ഗോപകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ബി. ബിനു, ടി.വി. ബേബി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *