ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. വിഷയം ഉന്നയിച്ച് ഇന്ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ എം പി മാര്‍ പ്രതിഷേധിക്കും. പ്രതിപക്ഷം വിഷയം പാര്‍ലമെന്റിലും ഉന്നയിക്കും.
കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ നേരിട്ട് ഇടപെടണമെന്നും, സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. കന്യാസ്ത്രീകള്‍ക്കായി ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും.
കസ്റ്റഡിയില്‍ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
കണ്ണൂര്‍ തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിരുന്നു പൊലീസ് നടപടി. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മനുഷ്യക്കടത്തു നടത്തുകയാണെന്ന് ആരോപിച്ച് ഇവരെ തടഞ്ഞുവെക്കുകയായായിരുന്നു. രണ്ട് കന്യാസ്ത്രീകളും ഒരു സഹായിയും ആയിരുന്നു ഉണ്ടായിരുന്നത്.
ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ആണ് സംഭവം. ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ജോലികള്‍ക്കായി മൂന്നു പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് എത്തിയതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. കൂടാതെ മാതാപിതാക്കളില്‍ നിന്നുള്ള സമ്മതപത്രവും തിരിച്ചറിയല്‍ രേഖകളും പെണ്‍കുട്ടികള്‍ കാണിച്ചു. എന്നാല്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൂന്ന് പെണ്‍കുട്ടികളെ വനിതാ ക്ഷേമ സംരക്ഷണം സമിതിയുടെ സംരക്ഷണയിലാക്കി.