ഉഴവൂർ ഗ്രാമപഞ്ചായത്ത് അരീക്കര വാർഡിലുള്ള അരീക്കുഴി വെള്ളച്ചാട്ടത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി 88 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഡെസ്റ്റിനേഷൻ പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് 38 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് കണ്ടത്തിയെങ്കിൽ മാത്രമേ 50 ലക്ഷം രൂപ സർക്കാരിൽ നിന്നും ലഭിക്കുകയുള്ളൂ.
ആയതിനാൽ ഈ പ്രദേശത്തിന്റെ പ്രഥമ ആവശ്യം എന്ന രീതിയിൽ അരീക്കുഴി വെള്ളച്ചാട്ടത്തിനോട് ചേർന്നുള്ള വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് ജോസ് കെ മാണി എം പി, മോൻസ് ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, പി എൻ രാമചന്ദ്രൻ എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം, വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ എന്നിവർ ചേർന്നു നിവേദനം നൽകി.
തോമസ് ചാഴികാടൻ എം പി യെ നേരിൽ കണ്ടു ഈ വിഷയം സംസാരിച്ചതായി വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. ഗ്രാമപഞ്ചായത്ത് മൂന്നു ലക്ഷം രൂപ ഈ വർഷം വകയിരുത്തിയിട്ടുണ്ട് എന്നും ടി വികസനം സാധ്യമാക്കുന്നതിനു എല്ലാവരുടെയും സഹകരണം വേണം എന്ന് ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം അറിയിച്ചു.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും ആരംഭിക്കണം എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി ആണ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി.സംസ്ഥാനത്ത് 30 വിനോദസഞ്ചാര കേന്ദ്രങ്ങൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി ലഭിച്ചതിൽ കോട്ടയം ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ടൂറിസം പദ്ധതികൾക്ക് ആണ് ആദ്യഘട്ടത്തിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്.അതിൽ അരീക്കുഴി വെള്ളച്ചാട്ടത്തിനും അനുമതി മേടിക്കുവാൻ സാധിച്ചു.
ചെക്ക് ഡാം, ഓപ്പൺ ജിമ്മിനുള്ള സൗകര്യം,ഭിന്നശേഷിയുള്ളവർക്കുള്ള സൗകര്യം, സ്ട്രീറ്റ് ലൈറ്റ് ,മിനി മാസ്റ്റ് ലൈറ്റ്, ഹാൻഡ്റയില്, സൈഡ് കെട്ട്, സെൽഫി പോയിൻ്റ്, ടോയ്ലറ്റ്,എന്നിവ പദ്ധതിയിൽ ഉണ്ട്.
കുട്ടികൾ, യുവജനങ്ങൾ,വയോജനങ്ങൾ തുടങ്ങി എല്ലാ വിഭാഗം ആളുകളെയും പദ്ധതിയുടെ ഗുണഭോക്താക്കളായി കണക്കാക്കുന്നു. പദ്ധതിയുടെ തുടർപരിപാലനവും നടത്തിപ്പും ഉഴവൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കും.