pala

ലഹരിവിരുദ്ധ മഹാസമ്മേളനം ; 6 ന് പാലായിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും

പാലാ : മദ്യവും, മാരക ലഹരികളും സമൂഹത്തിനും, കുടുംബങ്ങൾക്കും ഗുരുതര ഭീഷണിയുയർത്തുന്നതിന്റെ പശ്ചാത്തലത്തിൽ പാലാ രൂപതയിലെ മുഴുവൻ ഇടവകകളെയും ലഹരിക്കെതിരെ ഉണർത്തുകയെന്ന ലക്ഷ്യവുമായി ‘171’ ഇടവകകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള മഹാ സമ്മേളനം പാലായിൽ ഞായറാഴ്ച (06-04-2025) ഉച്ചകഴിഞ്ഞ് 2 ന് നടക്കും.

പാലാ രൂപതാ മെത്രൻ മാർ ജോസഫ് കല്ലറങ്ങാട്ട് രൂപതയിലെ മുഴുവൻ ഇടവക വികാരിമാർക്കും കത്തിലൂടെ പ്രത്യേക നിർദ്ദേശം നൽകിയാണ് ഈ അടിയന്തര സുപ്രധാന സമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്.

മദ്യവും, ലഹരി വസ്തുക്കളും നമ്മുടെ സമൂഹത്തെയോ, സംവിധാനങ്ങളെയോ ഒരു വിധത്തിലും സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം നമുക്കുണ്ടെന്നും

മാരക ലഹരി വസ്തുക്കൾ പൊതു സമൂഹത്തിൽ അനിയന്ത്രിതമാംവിധം വ്യാപിക്കുന്നതും ഇതിനെ തുടർന്ന് അക്രമങ്ങളും കൊലപാതങ്ങളും അനിഷ്ട സംഭവങ്ങളും വർദ്ധിച്ചുവരുന്നതും നാം തിരിച്ചറിയണമെന്നും ബിഷപ്പ് കല്ലറങ്ങാട്ട് ഇടവക വികാരിമാർക്ക് അയച്ച കത്തിൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

പാലാ ളാലം സെന്റ് മേരീസ് പഴയ പള്ളി പാരിഷ്ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

രൂപതാ ഡയറക്ടർ ഫാ. ജോസഫ് വെള്ളമരുതുങ്കൽ, എസ്.എം.വൈ.എം. ഡയറക്ടർ, ഫാ. മാണി കൊഴുപ്പൻകുറ്റി, ജാഗ്രതാ സെൽ ഡയറക്ടർ ഫാ. ജോസഫ് അരിമറ്റം, സാബു എബ്രഹാം ആന്റണി മാത്യു, ജോസ് കവിയിൽ, അലക്‌സ് കെ. എമ്മാനുവേൽ എന്നിവർ പ്രസംഗിക്കും.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പാലാ രൂപതയുടെ ഓരോ ഇടവകയിൽ നിന്നും 10 പേർ വീതം മുതിർന്നവരും യുവജനങ്ങളുമായി നൂറ് കണക്കിന് വിശ്വാസികൾ മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പരിപാടികൾ വിശദീകരിച്ചുകൊണ്ട് രൂപതാ ഡയറക്ടർ ഫാ, ജേക്കബ് വെള്ളമരുതുങ്കലും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയും അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ആന്റണി മാത്യു, സാബു എബ്രഹാം, ജോസ് കവിയിൽ എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *