കാഞ്ഞിരപ്പള്ളി: വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ കാണണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ തോമസ് തറയില്‍. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ 40-ാമത് വാര്‍ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓരോ കുട്ടിയും തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വ്യത്യസ്‌തമായ കഴിവുകള്‍ കണ്ടെത്തണമെന്നും നാടിനും രാജ്യത്തിനും ഉപകാരപ്രദമായ സ്വപ്‌നങ്ങള്‍ കാണണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു.
മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത്, പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ആന്റോ ആന്റണി എം.പി., അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., ജോസ് കെ. മാണി എം.പി., പി.ടി.എ. പ്രസിഡന്റ് ജോസ് ആന്റണി, സ്റ്റാഫ് സെക്രട്ടറി തനുജ മാത്യു, സ്‌കൂള്‍ ക്യാപ്‌റ്റന്‍ ഫെലിക്‌സ് ജസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
സര്‍വ്വീസില്‍ ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയായ അധ്യാപകരെ സമ്മേളനത്തില്‍ ആദരിച്ചു. പാഠ്യ – പാഠേ്യതര വിഷയങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്‌തു. നാലുദിവസമായി നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് നടന്ന വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളോടെ സമാപിച്ചു.





