ഈരാറ്റുപേട്ട : ആറുമാസം തൊട്ട് മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്ക് അങ്കൻവാടികൾ വഴി സൗജന്യമായി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രി മിക്സ് പൂരക പോഷകാഹാരം കുട്ടികൾക്ക് കിട്ടുന്നില്ലന്ന പരാതി വ്യാപകമാകുന്നു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അങ്കൻ വാടികളിലാണ് അമൃതം ന്യൂട്രിമിക്സ് വിതരണം മുടങ്ങിയിരിക്കുന്നത്. ഈരാറ്റുപേട്ട ബ്ലാക്കിന് പുറത്തുള്ള പഞ്ചായത്തുകളിൽ കൃത്യമായ നിലയിൽ വിതരണം നടക്കുന്നുണ്ടങ്കിലും ബ്ലോക്കിന് കീഴിലുള്ള 9 കീഴിലുള്ള അങ്കൻവാടികളിൽ വിതരണം നടക്കുന്നില്ല.
സർക്കാറിൻ്റെ അനുമതിയോടെ കുടംബശ്രീ യൂണിറ്റുകളാണ് ഉൽപാദന വിതരണം നടത്തുന്നത്. അമൃതം ന്യൂട്രി മിക്സ് സുലഭമായി ഉൽപാദിപ്പിക്കുന്നണ്ടങ്കിലും രണ്ട് മാസമായി വിതരണത്തിന് എത്തുന്നില്ല. എന്നാൽ മറ്റ്കമ്പനികളുടെ പ്രൊഡറ്റുകളാണ് പകരം വിതരണം ചെയ്യുന്നത്.
കുടംബശ്രീ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ എന്നാണ് അറിയാൻ കഴിയുന്നത്.ഗോതമ്പ്, നിലക്കടല, സോയബീൻ, കടലപ്പപരിപ്പ് പഞ്ചസാര എന്നിവ ചേർന്ന അമൃതം ന്യൂട്രിമിക്സ് കുട്ടികളിൽ പോഷകഗുണം വർധിപ്പിക്കാനുതകുന്ന ഉൽപ്പന്നമാണ്.

6 മാസം മുതലുള്ള കുട്ടികൾക്ക് കുറുക്കായി നൽകുന്നതിനാണ് ന്യൂട്രിമിക്സ് ഉപയോഗിക്കുന്നത്. കുട്ടികളുടെ ആരോഗ്യ നില മെച്ചപെടുത്താൻ ഉപയോഗിക്കുന്ന അമൃതം ന്യൂട്രിമിക്സിൻ്റെ വിതരണം ഉടൻ തന്നെ ആരംഭിക്കണമെന്നാണ് അംഗൻ വാടി ജീവനക്കാരും വീട്ടമ്മമാരും ആവശ്യപ്പെടുന്നത്.