കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 85 വയസുപിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ളവര്‍) വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പൂരിപ്പിച്ച 12 ഡി അപേക്ഷകള്‍ ഏപ്രില്‍ ഒന്നിനകം തിരികെ നല്‍കണമെന്ന് നിര്‍ദേശം.
അസന്നിഹിത (അബ്സെന്റീ) വോട്ടര്‍മാരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതിനു പിന്നാലെ ആരംഭിച്ചിരുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ ബി.എല്‍.ഒമാര്‍ തന്നെ ശേഖരിച്ച് ബന്ധപ്പെട്ട ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ (ഇ.ആര്.ഒ)ക്ക് ഏപ്രില്‍ ഒന്നിനകം നല്‍കേണ്ടതാണ്.
12 ഡി ഫോമില്‍ നിര്‍ദിഷ്ട വിവരങ്ങള്‍ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസര്‍മാര്‍ക്കു സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളാണു അസന്നിഹിതരായ വോട്ടര്‍മാരുടെ പട്ടികയില്‍ വോട്ട് രേഖപ്പെടുത്താന്‍ പരിഗണിക്കുക.
ഏപ്രില്‍ 26നാണ്് കേരളത്തില്‍ വോട്ടെടുപ്പ്. ഇതിനുമുമ്പുള്ള ദിവസമായിരിക്കും അന്നഹിത വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത്. ഇവര്‍ക്കു മുന്‍കൂട്ടി അറിയിപ്പ് നല്‍കിയശേഷം ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തി വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും.
രണ്ടു പോളിങ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, ഒരു സുരക്ഷാ ഉദ്യോഗസ്ഥന് എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക.