പാലാ: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശികളായ സഹോദരങ്ങൾ അജിൽ ജിത്ത് (43) , അരുൺ ജിത്ത് ( 40) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ ഐങ്കൊമ്പ് ഭാഗത്തുവച്ചായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ ഫിറോസിന്റെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് (58) മരിച്ചത്. ചാത്തൻപാറ വ്യൂപോയിന്റിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയായിരുന്നു. കോടമഞ്ഞായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. പുലർച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.