കൂട്ടിക്കൽ : ശാന്തിയുടെയും സമാധാനത്തിന്റെ ക്രിസ്മസ് സന്ദേശവുമായി വിവിധ ക്രൈസ്തവ ദൈവാലയങ്ങൾ ചേർന്ന് നടത്തുന്ന ഐക്യ ക്രിസ്മസ് റാലിയും എക്യുമെനിക്കൽ സമ്മേളനവും ഇന്ന് കൂട്ടിക്കൽ ടൗണിൽ നടക്കും.
സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളി, സെന്റ് ജോർജ് സീറോ മലബാർ കത്തോലിക്കാ ഫൊറോന പള്ളി, സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി എന്നിവയുടെ നേതൃത്വത്തിലാണ് റാലി നടത്തപ്പെടുന്നത്.
വൈകിട്ട് ആറിന് സെന്റ് ജോർജ് പള്ളിയിൽ നിന്നും റാലി ആരംഭിക്കും. സെന്റ് മേരീസ് പള്ളി കവല ചുറ്റി ടൗണിലൂടെ എത്തുന്ന റാലി സെന്റ് ലൂക്ക്സ് പള്ളിയിൽ സമാപിക്കും. പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ക്രിസ്മസ് സന്ദേശം നൽകും.
ഫാ.ജോസഫ് വടക്കേ മംഗലത്ത്, റവ. പി. കെ. സെബാസ്റ്റ്യൻ, ഫാ. വിൽസൺ വർഗീസ്, , ഫാ. സേവ്യർ മാമൂട്ടിൽ, ഫാ. ജോസഫ് മേച്ചേരിൽ, ഫാ. സിറിൽ തോമസ് തയ്യിൽ, ഫാ. ജോസഫ് കൂനാനിക്കൽ, ഫാ. ജോസഫ് കുഴിഞ്ഞാലിൽ എന്നീ വൈദികരും നാലു ക്രിസ്ത്യൻ സഭകളിലെ വിശ്വാസ പ്രതിനിധികളും നേതൃത്വം നൽകും.
ക്രൈസ്തവ ഐക്യവേദിയുടെയും നസ്രാണി മാപ്പിള സംഘത്തിന്റെയും കൂട്ടിക്കൽ ദേശ ഭാരവാഹികൾ നാനാ നാജാതി മതസ്ഥരെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന രക്ഷാ സന്ദേശ യാത്രയിൽ കൂട്ടിക്കൽ ടൗണിലുള്ള കുരിശു പള്ളിക്കവലയിൽ പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് ആലഞ്ചേരി സന്ദേശം നൽകും.
ക്രിസ്മസ് നക്ഷത്രങ്ങളും പ്ലോട്ടുകളും പാപ്പാമാരും ബാന്റു മേളവും DJ യും പൂത്തിരികളും ആകാശ വിസ്മയങ്ങളും ശബ്ദ പ്രകാശ അലങ്കാരങ്ങളും മറ്റുമായി ആകർഷകമായി നടത്തപ്പെടുന്ന ഈ ക്രിസ്മസ് ആഘോഷം ഇത് മൂന്നാം വർഷമാണ് ജാതിമതഭേദമന്യേ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്നത്.