kottayam

റോഡപകടങ്ങളുടെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗ്; ലഹരിപരിശോധന കര്‍ക്കശമാക്കണം

കോട്ടയം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ പെരുകുന്നതിന്റെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.

റോഡ് നിര്‍മ്മാണ അപാകതയെന്നോ, അമിത വേഗതയെന്നോ റിപ്പോര്‍ട്ട് നല്കി യഥാര്‍ത്ഥ കാരണങ്ങളെ നിസ്സാരവല്‍ക്കരിക്കരുത്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ പ്രതിനിധിയോഗം കോട്ടയത്ത് ടെമ്പറന്‍സ് കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.

ലഹരിയാസക്തര്‍ വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ പൊതുനിരത്തില്‍ അവര്‍ മനുഷ്യ ബോംബായി മാറുകയാണ്. വൈകിട്ട് 5 മണി കഴിഞ്ഞാല്‍ വഴിയാത്രക്കാര്‍ക്ക് കാല്‍നടപോലും നിലവിലെ സാഹചര്യത്തില്‍ ഭയപ്പാടുണ്ടാക്കുന്നുണ്ട്. ലഹരിയില്‍ വാഹനമോടിക്കുമ്പോള്‍ എത്രമാത്രം റോഡ് സുരക്ഷാ മുന്നറിയിപ്പുകള്‍ വന്നാലും ഇതൊന്നും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടില്ല.

സംസ്ഥാനത്ത് മദ്യവില്പനയുടെ സമയം പുനഃക്രമീകരിക്കണം, കിട്ടുന്നിടത്തുനിന്നു തന്നെ ഇരുന്നോ നിന്നോ അത് ബാറിലാണെങ്കില്‍ പോലും ഉപയോഗിക്കരുതെന്ന നിയമം വരണം. വൈകുന്നേരങ്ങളില്‍ കര്‍ക്കശ ലഹരി പരിശോധന നിര്‍ബന്ധമാക്കണം. മാരക രാസലഹരി ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. രക്തപരിശോധനകൂടി നടത്തി വേണം ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍.

ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന അടിയന്തിര യോഗത്തില്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ഈ നിര്‍ദ്ദേശങ്ങള്‍ക്കൂടി പരിഗണനക്കെടുക്കണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

ജോസ്‌മോന്‍ പുഴക്കരോട്ട് അധ്യക്ഷത വഹിച്ചു. ആന്റണി മാത്യു, ഷാജി അണക്കര, തോമസുകുട്ടി കാഞ്ഞിരപ്പള്ളി, ജോസ് ഫിലിപ്പ്, ജോസ് കവിയില്‍, അലക്‌സ് കെ. ഇമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *