പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി പിതൃവേദിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ പക്ഷാഘാത ബോധവൽക്കരണ സെമിനാറുകൾക്ക് തുടക്കമായി.
രൂപതാ തല ഉദ്ഘാടനം കോതനല്ലൂർ വിശുദ്ധ ഗർവാസീസ് വിശുദ്ധ പ്രോതാസീസ് ഫൊറോന പള്ളിയിൽ വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ നിർവ്വഹിച്ചു.
രോഗം വന്നവർക്ക് ഏറ്റവും ആധുനിക ചികിത്സ ഒരുക്കുന്നതിനൊപ്പം തന്നെ രോഗം വരാതിരിക്കാനുള്ള അവബോധം സമൂഹത്തിന് നൽകാനുള്ള വലിയ ദൗത്യം കൂടിയാണ് മാർ സ്ലീവാ മെഡിസിറ്റി ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോതനല്ലൂർ ഫൊറോന ചർച്ച് വികാരി റവ.ഫാ.സെബാസ്റ്റ്യൻ പടിക്കകുഴുപ്പിൽ അധ്യക്ഷത വഹിച്ചു. ഫാമിലി അപ്പസ്തലേറ്റ് ആൻഡ് പിതൃവേദി ഡയറക്ടർ റവ.ഫാ.ജോസഫ് നരിതൂക്കിൽ, പിതൃവേദി പാലാ രൂപത പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, പിതൃവേദി കോതനല്ലൂർ മേഖല പ്രസിഡന്റ് റോയിച്ചൻ അക്കാട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു. മാർ സ്ലീവാ മെഡിസിറ്റി ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ജോസി.ജെ.വള്ളിപ്പാലം ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.