പത്താമത് സാഹിത്യോത്സവ് അവാർഡ് കവിയും എഴുത്തുകാരനുമായ പി.എൻ ഗോപീകൃഷ്ണന്. ചരിത്രത്തെ വ്യാജങ്ങൾ കൊണ്ട് നിറച്ച് അനുകൂലമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാനും സാംസ്കാരികാധിപത്യം ഉറപ്പിക്കാനുമുള്ള ശ്രമങ്ങൾ തീവ്രമായ കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ എന്ന പ്രതിരോധ പുസ്തകത്തിലൂടെ കാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്തം നിർവ്വഹിച്ച എഴുത്തുകാരനെന്ന നിലയിലാണ് പുരസ്കാരമെന്ന് അവാർഡ് നിർണയ കമ്മിറ്റി അറിയിച്ചു.
കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, എൻ.എസ് മാധവൻ, കെ.പി രാമനുണ്ണി, സി.എൻ ജാഫർ സ്വാദിഖ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അൻപതിനായിരത്തി ഒന്ന് രൂപയും പ്രത്യേകം രൂപകൽപ്പന ചെയ്ത ശിലാഫലകവുമാണ് അവാർഡ്.
ശശി തരൂർ, കെ. സച്ചിദാനന്ദൻ, എൻ എസ് മാധവൻ, തോപ്പിൽ മുഹമ്മദ് മീരാൻ , കെ.പി രാമനുണ്ണി, പി സുരേന്ദ്രൻ തുടങ്ങിയവർക്കാണ് മുൻവർഷങ്ങളിൽ പുരസ്കാരം നൽകിയത്. അവാർഡ് ദാനം ആഗസ്റ്റ് 30ന് മഞ്ചേരിയിൽ നടക്കും.