മുണ്ടക്കയം : പ്രളയത്തിൽ ഉപരിതലം തകരാറിലായി ഗതാഗതത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്ന മുണ്ടക്കയം കോസ് വേ പാലം പുനരുദ്ധാരണ പ്രവർത്തികൾക്കായി അടച്ചിട്ടിരുന്നത് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഓഗസ്റ്റ് രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുറന്നു നൽകും.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകും.
ജില്ലാ പഞ്ചായത്ത് അംഗം പി ആ.ർ അനുപമ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ പ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.വി അനിൽകുമാർ,ഷീബ ഡിഫൈൻ,ലിസി ജിജി, ഷിജി ഷാജി, പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാബു എം. റ്റി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ആർ.ദീപ, സന്തോഷ് കുമാർ എം. കെ തുടങ്ങിയവർ സംബന്ധിക്കും.
2021ലെ പ്രളയത്തിൽ പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് പാലത്തിലൂടെ ഉള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. കോരുത്തോട്, പുഞ്ചവയൽ, കണ്ണിമല,എരുമേലി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മുണ്ടക്കയത്തേക്കുള്ള യാത്രാ മാർഗമായ കോസ് വേ പാലം ഏറെ ഗതാഗത തിരക്കുള്ളതാണ്. പാലം അറ്റകുറ്റ പണികൾ നടത്തി മികച്ച നിലയിൽ ഗതാഗതത്തിന് സജ്ജമായിരിക്കുകയാണ്.
ഇതോടൊപ്പം കോസ് വേയ്ക്ക് സമാന്തരമായി വെള്ളപ്പൊക്കത്തെ പരമാവധി അതിജീവിക്കത്തക്ക വിധം ഉയരം കൂട്ടി പുതിയ പാലം നിർമ്മിക്കുന്നതിനുള്ള സർവ്വേ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.