kottayam

കമൽഹാസൻ്റെ ഇന്ത്യൻ 2 ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ പരാതി

കോട്ടയം: കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2: സീറോ ടോളറൻസ് എന്ന സിനിമയുടെ പോസ്റ്ററുകളിൽ ഇന്ത്യൻ ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് മുഖ്യമന്ത്രി, ഡിജിപി, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് റീജണൽ ഓഫീസർ എന്നിവർക്കു പരാതി നൽകി.

ഇന്ത്യൻദേശീയപതാകയിൽ യാതൊരുവിധ എഴുത്തുകളും പാടില്ലെന്ന് ദേശീയപതാക കൈകാര്യം ചെയ്യുന്നതിന് നിർമ്മിക്കപ്പെട്ട ചട്ടമായ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 ലെ ദുരുപയോഗം വകുപ്പ് 5 സെക്ഷൻ 3.28 പ്രകാരം പറയുന്നു. സെക്ഷൻ 3. 29 പ്രകാരം ദേശീയപതാക ഒരു തരത്തിലുമുള്ള പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

1971ലെ നാഷണൽ ഹോണർ ആക്ട് വകുപ്പ് 2 സെക്ഷൻ എഫ് പ്രകാരവും ദേശീയപതാകയിൽ എതെങ്കിലും വിധത്തിൽ എഴുതുന്നതും വിലക്കിയിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് സംസ്ഥാനത്തുടനീളം ഇന്ത്യൻ 2 വിൻ്റെ പോസ്റ്ററുകൾ വ്യാപകമായി പ്രദർശിപ്പിച്ചിക്കുന്നതെന്നും ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ പ്രകാരം ദേശീയപതാകയെ ആദരിക്കാൻ എല്ലാവർക്കും കടമയുണ്ടെന്നു പരാതിയിൽ പറയുന്നു.

പരസ്യ ആവശ്യത്തിനായി പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ദേശീയപതാകയിൽ നിർമ്മാണകമ്പനികളുടെ പേരും കമൽഹാസൻ്റെ ചിത്രവും ചേർത്തിരിക്കുന്നത് അനാദരവാണ്. സിനിമാ പ്രവർത്തകർക്കുമാത്രമായി വാണിജ്യ ആവശ്യങ്ങൾക്കായി ദേശീയപതാക ഉപയോഗിക്കാനും ദേശീയപതാകയിൽ എഴുതുവാനും അനുവദിക്കപ്പെട്ടിട്ടില്ല എന്നിരിക്കെ കമൽഹാസൻ അടക്കമുള്ളവരുടെ നടപടി അനുചിതമാണ്.

സിനിമാക്കാർ നിയമ ലംഘനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കാതിരുന്നാൽ പൊതു സമൂഹത്തിനു മുന്നിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്. സിനിമ തിയേറ്റർ വിടുംമുമ്പേ തന്നെ പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകൾ കീറി നശിക്കാൻ ഇടവരുമ്പോൾ വീണ്ടും ദേശീയപതാക അവഹേളിക്കപ്പെടാൻ ഇടയാവും.

ഈ സാഹചര്യത്തിൽ സിനിമയുടെ നിർമ്മാതാക്കൾക്കും പോസ്റ്റർ സംബന്ധിച്ച ഉത്തരവാദികൾക്കുമെതിരെ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ, 1971 ലെ നാഷണൽ ഹോണർ ആക്ട് എന്നിവ പ്രകാരം കർശന നടപടിയെടുക്കണമെന്നും സംസ്ഥാനത്തുടനീളം പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററുകൾ ഫ്ലാഗ് കോഡ് നിഷ്കർഷിക്കും വിധം അടിയന്തിരമായി നീക്കം ചെയ്യണമെന്നും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു.

ദേശീയപതാക ദുരുപയോഗം ചെയ്ത സംഭവത്തിൽ ഇന്ത്യൻ 2 സിനിമാ പ്രവർത്തകർ പരസ്യമായി ഖേദം പ്രകടിപ്പിച്ച് മാതൃക കാട്ടണമെന്നും അവർ നിർദ്ദേശിച്ചു. നിയമവിരുദ്ധമായി പുറത്തിറക്കിയ പോസ്റ്ററുകൾ പിൻവലിച്ച് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം നിയമ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.

ദേശീയപതാക ഇത്തരത്തിലുള്ള ദുരുപയോഗം തടയാൻ സർക്കാർ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. വർഷങ്ങൾക്കു മുമ്പ് അന്ന്യൻ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ പോസ്റ്ററുകളിൽ ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ പരാതിപ്പെട്ടപ്പോൾ നിർമ്മാതാക്കൾ പോസ്റ്റർ പിൻവലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *