poonjar

പൂഞ്ഞാർ മങ്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 41-ാം കലശ മഹോത്സവം

പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽ പാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാനന്തര 41-ാം കലശ മഹോത്സവവും ദേവവാഹനങ്ങളുടെ പ്രതിഷ്ഠാചടങ്ങും നാളെ (19/6/2024) നടക്കും.

1927 ജൂൺ 7 നാണ് ഗുരുദേവൻ പൂഞ്ഞാറിലെത്തിയതും ഇന്നത്തെ ക്ഷേത്രസങ്കേതത്തിൽ വേൽ പ്രതിഷ്ഠ നടത്തിയതും ക്ഷേത്രത്തിന് ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമെന്ന് നാമകരണം നടത്തിയതും.

തുടർന്ന് നിർമ്മിക്കപ്പെട്ട ക്ഷേത്രം കാലാന്തരത്തിൽ ജീർണ്ണത ബാധിച്ചതിനെത്തുടർന്ന് അഷ്ടമംഗല ദേവപ്രശ്ന വിധിയുടെ അടിസ്ഥാനത്തിൽ പുനർനിർമ്മിക്കാൻ തീരുമാനിക്കുകയായിയിരുന്നു. പൂർണ്ണമായും കൃഷ്ണശിലലയിലും ദേവ വൃക്ഷങ്ങളുടെ ഉരുപ്പടികളിലുമായി പുനർനിർമ്മിക്കപ്പെട്ട ക്ഷേത്രത്തിൽ 2024 മെയ് 10 നായിരുന്നു പ്രതിഷ്ഠാചടങ്ങുകൾ നടന്നത്.

തുടർന്ന് സുമ്പൂർണ്ണ ദേവചൈതന്യം ആവാഹിക്കുന്നതിനായി 40 നാൾ നീണ്ടു നിന്ന വിശേഷാൽ വൈദിക ചടങ്ങുകളുടെ പര്യവസാനമായി ഇന്ന് 41-ാം കലശ മഹോത്സവം നടക്കുകയാണ്.ശ്രീ മഹാദേവനും ശ്രീ സുബ്രഹ്മണ്യ ഭഗവാനും തുല്യ പ്രാധാന്യം നൽകി കൊണ്ട് രണ്ട് ശ്രീ കോവിലുകളും ശ്രീഭദ്രാദേവി, ശ്രീ ഗണേശൻ എന്നീ ഉപദേവതാപ്രതിഷ്ഠകളും വലിയമ്പലത്തിനുള്ളിലായുണ്ട്.

നിവേദ്യം നൽകി നിത്യപൂജാവിതാനത്തോടു കൂടിയ ഗുരുദേവക്ഷേത്രവും, ഒപ്പം സർപ്പ സങ്കേതവും ക്ഷേത്രസങ്കേതത്തിലുണ്ട്. 41-ാം കലശ മഹോത്സവത്തിൻ്റെ ഭാഗമായി ദേവവാഹനങ്ങളായ നന്ദികേശൻ, വർണ്ണമയിൽ എന്നിവയുടെ പ്രതിഷ്ഠാചടങ്ങുകളും ഇന്ന് നടക്കുന്നുണ്ട്.

ഭക്തജനങ്ങൾ വഴിപാടായി സമർപ്പിച്ച ദേവ വിഗ്രഹങ്ങൾക്കുള്ള ഗോളക സമർപ്പണവും തുടർന്ന് വിശേഷാൽ പൂജകളും മഹാഗുരുപൂജയും നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.രഞ്ചു അനന്ദ ഭദ്രത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ക്ഷേത്ര ചടങ്ങുകൾ നടക്കുന്നത്. മഹാപ്രസാദമൂട്ടോടുകൂടി ക്ഷേത്ര ചടങ്ങുകൾ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *