general

വർഷം ച​ലാ​നു​ക​ൾ അ​ഞ്ചി​ൽ ക​വി​ഞ്ഞാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

മോട്ടോർ വാഹന നിയമങ്ങളിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയതിന് പിന്നാലെ ഈ നിയമങ്ങൾ കേരളത്തിലും കർശനമാക്കി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ അനുസരിച്ച് ചലാൻ സംവിധാനമാണ് കൂടുതൽ കർശനമാക്കി നടപ്പാക്കാനൊരുങ്ങുന്നത്. ഒരു ട്രാഫിക് നിയമലംഘനത്തിന് പിഴയിട്ടാൽ 45 ദിവസത്തിനുള്ളിൽ ഈ പിഴയൊടുക്കിയിരിക്കണമെന്നതാണ് മോട്ടോർ വാഹന നിയമ ഭേദഗതിയിലെ സുപ്രധാന നിർദേശം.

ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നതാണ് മോട്ടോർവാഹനച്ചട്ടത്തിലെ മറ്റൊരു സുപ്രധാന നിർദേശം. ലൈസൻസ് മൂന്നുമാസംവരെയാണ് സസ്‌പെൻഡ് ചെയ്യുന്നത്. ആർടിഒയ്ക്കാണ് നടപടിയെടുക്കാനുള്ള അധികാരം. മുൻവർഷങ്ങളിലെ കുറ്റങ്ങൾ ഉൾപ്പെടുത്തില്ല. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുമുൻപ് ഉടമയുടെ വാദംകേൾക്കാനുള്ള അവസരം നൽകണമെന്നും ചട്ടത്തിലുണ്ട്.

ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹനനിയമത്തിലെ 24 നിയമലംഘനങ്ങളാണ് കണക്കാക്കുക. പൊതുവഴിയിൽ വാഹനം നിർത്തിയിടൽ, അനധികൃതപാർക്കിങ്, വാഹനമോഷണം, വാഹനയാത്രക്കാരെ മർദിക്കൽ, തടഞ്ഞുവെക്കൽ തുടങ്ങി 24 ലംഘനങ്ങളാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുകാരണമായി പറയുന്നത്.

അതിവേഗം, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, സീറ്റുബെൽറ്റ് ധരിക്കാതിരിക്കൽ, സിഗ്‌നൽ വെട്ടിക്കൽ എന്നിവയും കുറ്റങ്ങളിലുണ്ട്. ചെറിയകുറ്റങ്ങളെന്നോ വലുതെന്നോ കണക്കാതെ അഞ്ചിൽക്കൂടിയാൽ ഇനിമുതൽ നടപടിയെടുക്കും.

നിയമലംഘനത്തിന് പിഴയിട്ടാൽ 45 ദിവസത്തിനുള്ളിൽ നിർബന്ധമായും ഇത് അടച്ചിരിക്കണമെന്നാണ് നിയമ ഭേദഗതിയിൽ നിർദേശിക്കുന്നത്. നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റമെന്നാണ് നിർദേശം. അതിനുശേഷം 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ, നിയമലംഘനം നടന്നിട്ടില്ലെങ്കിൽ അത് തെളിയിക്കുകയോ വേണം. ഇതിന് തയാറായില്ലെങ്കിലാണ് ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങിയവ സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക.

തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിക്കുകയും പിഴ അടയ്ക്കാതെ ഇരിക്കുകയും ചെയ്യുന്ന വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തും. ഈ വാഹനങ്ങൾക്ക് പിന്നീട് നികുതി അടയ്ക്കുന്നത് ഒഴികെ വാഹൻ സൈറ്റിൽ വാഹനവുമായി ബന്ധപ്പെട്ട യാതൊരു സേവനങ്ങളും ലഭിക്കുകയില്ല. ആർസിയിലെ അഡ്രസ് മാറ്റൽ, ഉടമസ്ഥാവകാശം മാറൽ, വാഹനത്തിന്റെ തരം മാറ്റൽ, പെർമിറ്റ്, ഫിറ്റ്‌നസ്, ഹൈപ്പോത്തിക്കേഷൻ ക്യാൻസൽ ചെയ്യൽ തുടങ്ങിയുള്ള മറ്റ് സേവനങ്ങളും ഇത്തരം വാഹനങ്ങൾ നിഷേധിക്കപ്പെടും.

നിയമലംഘനങ്ങൾക്കുള്ള പിഴ കുടിശ്ശിക വരുത്തിയിട്ടുള്ള വാഹനങ്ങൾ, ഇത് അടയ്ക്കുന്നത് വരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാനുള്ള അധികാരവും നിയമം നൽകുന്നുണ്ട്. നിയമ ലംഘനം നടന്നിട്ടുള്ള വാഹനത്തിന്റെ ഉടമയ്‌ക്കെതിരെയായിരിക്കും നിയമ നടപടികൾ സ്വീകരിക്കുക. നിയമലംഘനം നടന്ന സമയത്ത് വേറെ ആരെങ്കിലുമായിരുന്നു വാഹനം ഓടിച്ചിരുന്നതെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത വാഹനത്തിന്റെ ഉടമയ്ക്ക് ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *