general

കുട്ടികളുടെ കളിത്തോഴൻ ബേബി സാർ പടിയിറങ്ങുന്നു

36 വർഷത്തെ അദ്ധ്യാപന ജീവിതത്തിനു ശേഷം കളത്തൂക്കടവിന്റെ പ്രിയങ്കരനായ ബേബി തോമസ് സാർ വിരമിക്കുന്നു. 1989ൽ ആരംഭിച്ച അദ്ധ്യാപന ജീവിതത്തിന് ഈ വർഷം വിരമാമാകുമ്പോൾ അനേകായിരം കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം കൊളുത്തിയ ശിക്ഷണത്തിന്റെ, അറിവിന്റെ, സ്നേഹത്തിന്റെ, കരുതലിന്റെ ഓർമ്മകൾ മായാതെ, മങ്ങാതെ നിലനിൽക്കുന്നു. വിനയത്തിന്റെ, ലാളിത്യത്തിന്റെ, കരുതലിന്റെ എല്ലാം സമുന്നയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

1989ൽ ഗവ. യുപിഎസ് അട്ടപ്പാടിയിൽ തുടങ്ങിയ അദ്ധ്യാപന യാത്ര, രാമപുരം സെന്റ് അഗസ്റ്റിൻ എച്ച്എസ്, തീക്കോയി സെന്റ് മേരീസ് എച്ച്എസ്, ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്, നരിയങ്ങാനം എസ്എംഎം യുപിഎസ് എന്നിവിടങ്ങളിൽ തുടർന്നു. 2020 ജൂൺ മാസം കളത്തൂക്കടവ് സിസ്റ്റർ അൽഫോൻസാ എൽപിഎസിൽ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റ അദ്ദേഹം നാളിതുവരെ തന്റെ ജോലി കൃത്യമായും സത്യസന്ധമായും ആത്മാർഥമായും ചെയ്തു എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുട്ടികളും അവരുടെ മാതാപിതാക്കളും, സഹപ്രവർത്തകരും ഒരു പോലെ നൽകുന്ന സാക്ഷ്യം.
കുഞ്ഞുങ്ങളെ ഇത്രയും കരുതലോടെ ചേർത്തു പിടിക്കുന്ന അദ്ധ്യാപകർ ഇന്ന് വിരളം. ഏറ്റവും നല്ല പ്രൈമറി അദ്ധ്യാപകനുള്ള പാലാ കോർപ്പറേറ്റ് മാനേജ്മെന്റ് അവാർഡ്, ഏറ്റവും നല്ല പ്രൈമറി അദ്ധ്യാപകനുള്ള ടീച്ചേഴ്സ് ഗിൽഡ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഈ കാലയളവിൽ അദ്ദേഹത്തെ തേടിയെത്തി.

പ്രവൃത്തി പരിചയ മേളകളിൽ തന്റെ കുട്ടികളും സ്കൂളും നേടിയെടുത്ത നിരവധി സമ്മാനങ്ങൾ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നു. 24 വർഷമായി അദ്ദേഹം പാലാ രൂപതയിൽ വേദപാഠ അദ്ധ്യാപകനായി സ്തുത്യർഹമായ സേവനം ചെയ്തുകൊണ്ടിരിക്കുന്നു.

ഒരു നല്ല അദ്ധ്യാപകൻ എന്നതിനൊപ്പം അദ്ദേഹം ഒരു നല്ല കുടുംബനാഥനും കർഷകനും, കലാകാരനും കൂടിയാണ്. വെട്ടിമുകൾ സെന്റ് പോൾസ് എച്ച്എസ് അധ്യാപികയായ സിന്ധുമോൾ വി.എ. സഹധർമ്മിണിയാണ്. അമൃത, റോസ്, തോമസ് എന്നിവർ മക്കൾ.

36 വർഷത്തെ അദ്ധ്യാപന ജീവിതത്തിൽ നിന്നും പടിയിറങ്ങുന്ന അദ്ദേഹത്തിന് ജനുവരി 28 ആം തീയതി ബുധനാഴ്ച സമുചിതമായ യാത്രയയപ്പ് നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളും സഹപ്രവർത്തകരും മാനേജ്മെന്റും കളത്തൂക്കടവ് നിവാസികളും.

ഈ മാസം 28ആം തീയതി കളത്തൂക്കടവ് സെന്റ് ജോൺ മരിയ വിയാനി പാരീഷ് ഹാളിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിൽ ബഹുമാനപ്പെട്ട വികാരി റവ. ഫാ. തോമസ് ബ്രാഹ്മണവേലിൽ അദ്ധ്യക്ഷത വഹിക്കുന്നതും കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതുമാണ്.

ശ്രീമതി ജോമി ബെന്നി, തലപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ശ്രീ സജി കെ.ബി (എഇഒ പാലാ), ശ്രീ രാജ്കുമാർ കെ. (ബിപിസി, ബിആർസി പാലാ) തുടങ്ങിയവർ പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *