ഈരാറ്റുപേട്ട: സമഗ്ര ട്രാഫിക് പരിഷ്ക്കരണം നടപ്പിലാക്കുന്നതിനായി നഗരസഭയിൽ വിളിച്ച് ചേർത്ത ട്രാഫിക് കമ്മിറ്റിയിൽ പൊലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ എത്താതിരുന്നത് രൂക്ഷ വിമർശനത്തിനിടയായി. പാലാ ഡി.വൈഎസ്.പി. ആർ.ടി.ഒ തഹസിൽദാർ , എസ്.എച്ച്.ഒ തുടങ്ങിയ ഉദ്യോഗസ്ഥർ സംബന്ധിക്കേണ്ട യോഗമായിരുന്നു. എന്നാൽ ഇവരാരും പങ്കടുത്തില്ല.
യോഗ തീയതി ഔദ്യോഗികമായി നഗരസഭയിൽ നിന്നും അറിയിച്ചിരുന്നതാണ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നഗരസഭ കൗൺസിൽ ഹാളിലാണ് യോഗം വിളിച്ചത്. വ്യാപാരി നേതാക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, തൊഴിലാളി നേതാക്കളുമെല്ലാം കൃത്യസമയത്ത് എത്തിചേർന്നു.
എന്നാൽ യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥർ ആരും എത്തിചേർന്നില്ല. നാൽപത്തിയഞ്ച് മിനിറ്റ് കാത്തിരുന്നതിന് ശേഷ മാണ് യോഗം ആരംഭിച്ചത്. സ്ഥലം എസ്.ഐ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.
ചെയർമാൻ വി.പി.നാസർ അധ്യക്ഷത വഹിച്ചു. ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് പൊലീസിനെ നിയമിക്കണം,ഗതാഗത തടസം സൃഷ്ടിക്കുന്ന ബസുകളുടെ മെല്ല പോക്ക് അവസാനിപ്പിക്കണം, അനധികൃതമായി വട്ടം കറങ്ങുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കണം, ട്രാഫിക്ക് യൂനിറ്റ് അനുവദിക്കണം സാധ്യമാകുന്ന റോഡുകളിൽ വൺവേ സംവിധാനം ഏർപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയിൽ വന്നത്. കെ.എ.മുഹമ്മദ് ഹാഷിം, എ എം.എ ഖാദർ ,അമീൻപിട്ടയിൽ, പി എ.ഷെമീർ, അനസ് നാസർ, വി.എ.ഹസീബ് , അഡ്വ.ജെയിംസ് വലിയ വീട്ടിൽ, പി.എ.നജീബ്, റസീം മുതുകാട്ടിൽ, റഫീഖ് പട്ടരുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.





